സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ഗൗതമി നായര്‍. അഭിനയം നിര്‍ത്തിയെന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന് ഗൗതമി പറയുന്നു. ചെറിയ ഇടവേളക്ക് ശേഷം ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
അഭിനയം നിര്‍ത്തിയെന്ന് ആരൊക്കെയോ ചേര്‍ന്ന് പ്രതീതി ഉണ്ടാക്കിയതാണെന്നും സിനിമാരംഗത്തുള്ളവര്‍ പോലും അത്തരത്തില്‍ ഊഹിച്ചെടുത്തുവെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗതമി പറയുന്നു. ആരും വിളിക്കാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും അല്ലാതെ താന്‍ സിനിമ ഉപേക്ഷിച്ചതല്ലെന്നും നടി പറയുന്നു. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘ഞാന്‍ എവിടെയും പോയില്ല. തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനര്‍ത്ഥം സിനിമ വിട്ടെന്നല്ല. ഞാന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. ഞാന്‍ അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി.
നല്ല സിനിമകള്‍ വരാത്തതു കൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്.
ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാന്‍. എല്ലാവരും അവരവരുടെ ഊഹം വച്ചോണ്ടിരുന്നാല്‍ ഞാനെന്തു ചെയ്യാനാ? വീണ്ടും സിനിമയില്‍ സെറ്റില്‍ ചെന്നപ്പോഴാണ് പലരുടെയും തെറ്റിദ്ധാരണയും ആഴം മനസ്സിലായത്,’ ഗൗതമി നായര്‍ പറഞ്ഞു.
പല സിനിമകളില്‍ നിന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും വ്യക്തിപരമായി അറിയുന്നവരായിരുന്നു ഇതിന് പിന്നിലെന്നും ഗൗതമി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ഇടയ്ക്കു മൂന്നു സിനിമകളില്‍ നിന്ന് എന്നെ മനപൂര്‍വം ഒഴിവാക്കിയ സംഭവവുമുണ്ടായി. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കല്‍. എന്നെ മാറ്റിയെന്നു മറ്റുള്ള ചിലര്‍ പറഞ്ഞാണ് അറിയേണ്ടി വന്നതും. എനിക്കു വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ കാരണമാണ് സിനിമകള്‍ മുടങ്ങിയത്. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും പിന്നീട് അതു വിട്ടു.
നല്ല സിനിമകളായിരുന്നു അവ. ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷമെങ്കിലും വീണ്ടും സിനിമയിലെത്തിയേനെ. ‘മേരി ആവാസ് സുനോ’യില്‍ ഒരു ആര്‍ജെയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു നല്ല തുടക്കമാകുമെന്നാണു പ്രതീക്ഷ. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകാനാണു ശ്രമം,’ ഗൗതമി നായര്‍ പറഞ്ഞു.
സെക്കന്റ് ഷോ, ഡയ്മണ്ട് നെക്‌ലേസ്, കൂതറ, ക്യാംപസ് ഡയറി എന്നീ ചിത്രങ്ങളിലായിരുന്നു ഗൗതമി നേരത്തെ അഭിനയിച്ചത്. വൃത്തം എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക