| Monday, 28th June 2021, 6:06 pm

കാണാന്‍ അത്ര ഭംഗിയില്ലാത്തതുകൊണ്ട് ആ സിനിമയില്‍ എടുത്തില്ല; ആ വാശിയിലാണ് സെക്കന്റ് ഷോയില്‍ അഭിനയിച്ചത്: ഗൗതമി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം സെക്കന്റ് ഷോയിലൂടെ മലയാള സിനിമാരംഗത്തെത്തിയ നടിയാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം കൂടിയായിരുന്നു സെക്കന്റ് ഷോ.

പിന്നീട് ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലസിലും ഗൗതമി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ആദ്യ ചിത്രമായ സെക്കന്റ് ഷോയിലെത്തിയതിനെപ്പറ്റി തുറന്നു പറയുകയാണ് ഗൗതമി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗതമി ചിത്രത്തിലെത്തിയതിനെപ്പറ്റി തുറന്നുപറഞ്ഞത്.

‘ 2011ല്‍ ഒരു പുതിയ സംവിധായകന്റെ ചിത്രത്തില്‍ വെറുതെ ഓഡിഷന് പോയി. ആ സമയത്തെ മികച്ച നടന്‍മാര്‍ ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഓഡിഷനില്‍ അവര്‍ എന്റെ ഫോട്ടോസ് ഒക്കെ എടുത്തു.

അവിടെ ചെന്ന് കഴിഞ്ഞ് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴെക്കും ആ പടത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു ചിത്രത്തിലേക്ക് എന്നെ എടുക്കുന്നില്ല എന്ന്.

ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണാന്‍ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന്‍ പറഞ്ഞു.

അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഒരു സമയത്താണ് സെക്കന്റ് ഷോയിലേക്കുള്ള ഓഡിഷന്‍. ഒരു കസിന്‍ എന്റെ ഫോട്ടോസ് ഓഡിഷന് അയച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയും എന്നെ ഓഡിഷന് വിളിക്കുകയും ചെയ്തു.

ഞാന്‍ ആ ഒരു വാശിയില്‍ ഈ പടം എങ്ങനെയെങ്കിലും ചെയ്ത്, മുമ്പ് എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് സെക്കന്റ് ഷോയില്‍ എത്തിയത്,’ ഗൗതമി നായര്‍ പറഞ്ഞു.

2012ല്‍ സെക്കന്റ് ഷോയിലൂടെ എത്തിയ ഗൗതമി രണ്ട് വര്‍ഷത്തിനിടെ നാല് ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്. ഡയമണ്ട് നെക്ലസ്, ചാപ്‌റ്റേഴ്‌സ്, കൂതറ എന്നിവയാണ് ഗൗതമിയുടെ മറ്റ് ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Gautami Nair About Her First Movie

We use cookies to give you the best possible experience. Learn more