| Monday, 8th March 2021, 11:41 am

പറഞ്ഞുറപ്പിച്ച മൂന്ന് സിനിമയില്‍ നിന്നും എന്നെ മനപ്പൂര്‍വ്വം മാറ്റി, അറിയുന്ന ആളുകള്‍ തന്നെയായിരുന്നു അതിന് പിന്നില്‍: വെളിപ്പെടുത്തലുമായി ഗൗതമി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ ഇടവേളക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് യുവനടി ഗൗതമി നായര്‍. ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തിയ ഗൗതമിയുടെ മറ്റു ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പഠനത്തിന്റെ ഭാഗമായി ഗൗതമി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ഗൗതമിയുടെ പ്രതികരണം.

പല സിനിമകളില്‍ നിന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും വ്യക്തിപരമായി അറിയുന്നവരായിരുന്നു ഇതിന് പിന്നിലെന്നും നടി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ഇടയ്ക്കു മൂന്നു സിനിമകളില്‍ നിന്ന് എന്നെ മനപൂര്‍വം ഒഴിവാക്കിയ സംഭവവുമുണ്ടായി. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കല്‍. എന്നെ മാറ്റിയെന്നു മറ്റുള്ള ചിലര്‍ പറഞ്ഞാണ് അറിയേണ്ടി വന്നതും. എനിക്കു വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ കാരണമാണ് സിനിമകള്‍ മുടങ്ങിയത്. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും പിന്നീട് അതു വിട്ടു.

നല്ല സിനിമകളായിരുന്നു അവ. ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷമെങ്കിലും വീണ്ടും സിനിമയിലെത്തിയേനെ. ‘മേരി ആവാസ് സുനോ’യില്‍ ഒരു ആര്‍ജെയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു നല്ല തുടക്കമാകുമെന്നാണു പ്രതീക്ഷ. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകാനാണു ശ്രമം,’ ഗൗതമി നായര്‍ പറഞ്ഞു.

സെക്കന്റ് ഷോ, ഡയ്മണ്ട് നെക് ലേസ്, കൂതറ, ക്യാംപസ് ഡയറി എന്നീ ചിത്രങ്ങളിലായിരുന്നു ഗൗതമി നേരത്തെ അഭിനയിച്ചത്. വൃത്തം എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Actress Gautami Nair about being removed from movies

We use cookies to give you the best possible experience. Learn more