തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരുപാട് സന്തോഷം നല്‍കിയ സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് പറയുകയാണ് ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരീ നന്ദ. എന്നാല്‍ സിനിമയിറങ്ങി ഒരു വര്‍ഷത്തിനിപ്പുറം ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിങ്ങലനുഭവപ്പെടുന്നുണ്ടെന്നും അപ്രതീക്ഷിതമായി സച്ചിയേട്ടനും അനിലേട്ടനും വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും ഗൗരി നന്ദ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ചിത്രത്തിലെ കണ്ണമ്മ എന്ന ഇമേജ് ബ്രേക്ക് ചെയ്യുക എളുപ്പമല്ലെന്നും അത്തരത്തിലൊരു കഥാപാത്രം ഇനി കിട്ടണമെന്നും ഗൗരി നന്ദ പറയുന്നു. കണ്ണമ്മയ്ക്കായി ഞാന്‍ ഒരുപാട് എഫേര്‍ട്ടെടുത്തിരുന്നു. ഡയറ്റിങ് ചെയ്ത് ഭാരം കുറച്ചു. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടു തന്നെ മെലിഞ്ഞ, അല്പം പരുക്കനായ ഒരു ശരീരപ്രകൃതമായിരിക്കും അവര്‍ക്കെന്ന് കഥപറയുമ്പോള്‍ത്തന്നെ സംവിധായകനായ സച്ചിയേട്ടന്‍ പറഞ്ഞിരുന്നു.
ഗൗരിയെക്കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടുതന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. ചിലദിവസങ്ങളില്‍ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം കഠിനമായ വ്യായാമമുറകളും ചെയ്തു. കുറച്ച് ഭക്ഷണം കഴിച്ചാല്‍ത്തന്നെ പെട്ടെന്ന് ശരീരത്തില്‍ കാണുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.