അഭിമുഖങ്ങളില്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ വരാറുണ്ട്; റിയാക്ട് ചെയ്യേണ്ടതിനോട് റിയാക്ട് ചെയ്യും: ഫണ്‍ ആയി കാണേണ്ടതിനെ അങ്ങനെ കണ്ടിട്ടുണ്ട്: ഗ്രേസ് ആന്റണി
Movie Day
അഭിമുഖങ്ങളില്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ വരാറുണ്ട്; റിയാക്ട് ചെയ്യേണ്ടതിനോട് റിയാക്ട് ചെയ്യും: ഫണ്‍ ആയി കാണേണ്ടതിനെ അങ്ങനെ കണ്ടിട്ടുണ്ട്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 10:38 am

ചട്ടമ്പി സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ദിവസമായ ഇന്നലെ തന്നെയാണ് ശ്രീനാഥിനെതിരെ കേസെടുത്തത്.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗ്രേസ് ആന്റണി. ശ്രീനാഥുമായി ബന്ധപ്പെട്ട വിവാദം സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്. ചട്ടമ്പി സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു ഓണ്‍ലൈന്‍ അഭിമുഖങ്ങളിലെ ചോദ്യങ്ങളെ കുറിച്ചും വിവാദത്തെ കുറിച്ചുമൊക്കെ ഗ്രേസ് ആന്റണി പ്രതികരിച്ചത്.

ശ്രീനാഥിന്റെ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ ഒരു ഭാഗം നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും സിനിമയെ കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു ഗ്രേസ് ആന്റണി ആദ്യം നല്‍കിയ മറുപടി. ശ്രീനാഥ് വിഷയം സിനിമയെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയില്ലെന്നും നമ്മള്‍ എല്ലാവരും നല്ല സ്‌ട്രോങ് ആയിട്ട് തന്നെയാണ് സിനിമയെ കൊണ്ടുപോകുന്നതെന്നും ഗ്രേസ് ആന്റണി പറഞ്ഞു.

ഓണ്‍ലൈന്‍ മീഡിയകളുടെ അഭിമുഖങ്ങളില്‍ വരുന്ന ചോദ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതായിട്ട് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഇറിറ്റേറ്റിങ് എന്നല്ല എന്നാല്‍ അപ്രധാനമായ (irrelevent) ചോദ്യങ്ങള്‍ വരാറുണ്ടെന്നായിരുന്നു ഗ്രേസ് ആന്റണിയുടെ മറുപടി. ഫണ്‍ ആയിട്ട് എടുക്കാവുന്നതിനെ അങ്ങനെ എടുക്കാറുണ്ടെന്നും അല്ലാത്തതിനോട് റിയാക്ട് ചെയ്യാറുണ്ടെന്നും ഗ്രേസ് ആന്റണി പറഞ്ഞു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചത്. താന്‍ ആരേയും തെറിവിളിച്ചിട്ടില്ലെന്നും അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വന്നപ്പോള്‍ അതേ രീതിയില്‍ പ്രതികരിച്ചതാണെന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞത്.

ചട്ടമ്പി സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങിയ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വളഞ്ഞിരുന്നു. എന്നാല്‍ സംഭവത്തെ പറ്റി പ്രതികരിക്കാന്‍ താരം തയ്യാറായില്ല.

നമസ്‌കാരം, ചട്ടമ്പി വളരെ നല്ല സിനിമയാണ്. എല്ലാവരും സിനിമ കാണണം, എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം, വളരെ നല്ല സിനിമയാണ് എന്നാണ് മാധ്യമങ്ങളോട് ശ്രീനാഥ് പ്രതികരിച്ചത്.

സിനിമയുടെ പ്രൊമോഷനിടക്ക് നടന്ന സംഭവത്തിന്മേല്‍ കേസെടുത്തതിനെ പറ്റി ചോദിച്ചപ്പോള്‍ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കുള്ളൂവെന്നും ശ്രീനാഥ് പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെ സെപ്റ്റംബര്‍ 22നാണ് അവതാരക പരാതി നല്‍കിയത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്.

ചട്ടമ്പി, ചട്ടമ്പി എന്നുള്ള പ്രയോഗത്തില്‍ താന്‍ അസ്വസ്ഥനാണെന്നും ഒന്ന് നിര്‍ത്താമോയെന്നും ശ്രീനാഥ് ഭാസി ചോദിച്ചിരുന്നു. പക്ഷെ പ്രൊമോഷന്‍ ഇന്റര്‍വ്യു ആയതുകൊണ്ടാണ് ഇതാവര്‍ത്തിക്കുന്നതെന്ന് താന്‍ മറുപടി നല്‍കിയെന്ന് പരാതിക്കാരി പറയുന്നു.

മൂന്ന് ക്യാമറകളും ഓഫാക്കിയ ശേഷം നടന്‍ തെറി വിളി തുടങ്ങിയെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് പരാതിക്കാരി പറയുന്നത്. ഇതൊരു ഫണ്‍ ഇന്റര്‍വ്യു ആണെന്ന് അഭിമുഖത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞെങ്കിലും അയാളോടും ഭാസി മോശമായി പെരുമാറിയെന്നും അവതാരക പറയുന്നു.

Content Highlight: Actress Gace Antony about Online Medias Interviews and Sreenath Bhasi issue