| Thursday, 28th August 2014, 1:22 pm

സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണവുമായി നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളുരു: റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണവുമായി കന്നട നടി. നടി മൈത്രേയ ഗൗഡയാണ് മന്ത്രിയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കാര്‍ത്തിക് വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് മൈത്രേയയുടെ ആരോപണം. കാര്‍ത്തിക്കിനെതിരെ ആര്‍.ടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നടി പരാതി നല്‍കിയിട്ടുണ്ട്.

ജൂണ്‍ 5ന് കാര്‍ത്തിക് ഗൗഡയും താനുമായുള്ള വിവാഹം നടന്നതാണ്. കാര്‍ത്തിക്കിന്റെ കാര്‍ ഡ്രൈവര്‍ ഇതിന് സാക്ഷിയാണ്. സദാനന്ദ ഗൗഡയുടെയും ഭാര്യയുടെയും സമ്മതം വാങ്ങുന്നതുവരെ വിവാഹകാര്യം പുറത്തുപറയരുതെന്ന് കാര്‍ത്തിക് തന്നെ വിലക്കിയിരുന്നതായും നടി വ്യക്തമാക്കി.

മറ്റൊരു യുവതിയുമായുള്ള കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി നടി രംഗത്തുവന്നിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 376,420 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കാര്‍ത്തിക്കിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, നടിയുടെ ആരോപണം നിരാകരിച്ച് കാര്‍ത്തിക് രംഗത്തുവന്നിട്ടുണ്ട്. തന്റെ അച്ഛന്റെ ക്ലീന്‍ ഇമേജ് തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തന്നെ വിവാഹം ചെയ്ത കാര്‍ത്തിക് എങ്ങനെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടത്തുകയെന്നാണ് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് നടി ചോദിച്ചത്.

മകനെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. ഈ റിപ്പോര്‍ട്ട് തന്നെ ഞെട്ടിച്ചു. വേദനിപ്പിച്ചു. തന്റെ പൊതു-സ്വകാര്യ ജീവിതം തുറന്ന പുസ്തകമാണ്. എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. നടിയുടെ ആരോപണങ്ങള്‍ ഗുരുതരമാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. പക്ഷെ വിവാഹനിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നതില്‍ സംശയമുണ്ടെന്നും ഗൗഡ പറഞ്ഞു.

We use cookies to give you the best possible experience. Learn more