|

ജാഫര്‍ ഇടുക്കിക്കെതിരെ പരാതിയുമായി നടി; പരാതി എസ്.ഐ.ടിക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജാഫര്‍ ഇടുക്കിക്കെതിരെ നടി ലൈംഗികാതിക്രമ പരാതി  നല്‍കി . സംവിധായകന്‍ ബാലചന്ദ്രമേനോനെതിരെ പരാതി നല്‍കിയ നടി തന്നെയാണ് ജാഫര്‍ ഇടുക്കിക്കെതിരേയും പരാതി നല്‍കിയത്.

ആലുവ സ്വദേശിയായ നടി മുമ്പ് നടന്‍ മുകേഷ് എം.എല്‍.എ അടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതി പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ട്.

നടിക്കെതിരെ ബാലചന്ദ്ര മേനോന്‍ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി, അഡ്വ.ഷൈജി.സി.ജോര്‍ജ് എന്നിവര്‍ക്കെതിരെ നടി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അഭിമുഖം പുറത്തുവിട്ട യൂട്യൂബ് ചാനലിലെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊച്ചി സൈബര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. അഭിമുഖത്തില്‍ ഇരുവര്‍ക്കുമെതിരേയും ലൈംഗിക ആരോപണം ഉന്നയിച്ച നടി പരാതിയുമായി രംഗത്ത് വരാന്‍ തയ്യാറായിരുന്നില്ല. 2006-08 വര്‍ഷങ്ങളില്‍ സംഭവിച്ച അതിക്രമങ്ങളുടെ പേരിലാണ് പരാതി. കൂടാതെ നടിക്കെതിരെയും അഭിഭാഷകനെതിരേയും നല്‍കിയ ബ്ലാക്ക്‌മെയില്‍ പരാതിയിലും ഡി.ജി.പി ഇന്ന് തീരുമാനമെടുക്കും.

മുമ്പ് നടി നല്‍കിയ പരാതിയില്‍ മുകേഷ്, ഇടവേള ബാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് നടി പറഞ്ഞിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ ഇതുവരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടി മുമ്പ് നല്‍കിയ പരാതികളില്‍ നടത്തിയ അന്വേഷണത്തിലെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയത്‌ അന്വേഷണത്തില്‍ വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. അതിനാല്‍ നിലവിലെ പരാതിയില്‍ പ്രാഥമികമായ അന്വേഷണം നടത്തിയതിന് ശേഷമാകും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

അതേസമയം ബാലചന്ദ്രമേനോനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ആരോപണങ്ങള്‍ പുറത്തുവിട്ട യൂട്യൂബ് ചാനലിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബാലചന്ദ്ര മേനോനും പരാതി നല്‍കിയിട്ടുണ്ട്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് തലേദിവസം നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയിസ് ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഡി.ജി.പി ഇന്ന് തീരുമാനമെടുക്കും.

Content highlight: Actress files complaint against Jafar Idukki; The complaint was handed over to the SIT