വളരെ വ്യത്യസ്തമായ പേരുകളാണല്ലോ, ഫെമിനയും ബ്രൂസ്‌ലി ബിജിയും. സിനിമ ഇറങ്ങിയതിന് ശേഷം, പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ബ്രൂസ്‌ലീ എന്ന പേരാണോ വിളിക്കുന്നത്?
പടം ഇറങ്ങിയതിന് ശേഷം അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. എല്ലാവര്‍ക്കും ആദ്യം കണക്ട് ആവുന്ന പേര് ബ്രൂസ്‌ലി എന്നാണ്. ഇന്ന് പുറത്ത് പോയപ്പോള്‍ ഒരുപാട് ആളുകള്‍ ‘ബ്രൂസ്‌ലി ബ്രൂസ്‌ലി’ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് തന്നെ സംശയമാണ് അവര്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെയാണോ ഞാന്‍ എന്ന്.
ബ്രൂസ്‌ലി ബിജി എന്ന പേര് അധികം കേട്ടിട്ടില്ലാത്ത പേരാണല്ലോ. ബ്രൂസ്‌ലി ബിജിയെ പോലെ തന്നെ റിയല്‍ ലൈഫില്‍ ഫെമിന എന്ന പേരും വ്യത്യസ്തമാണ്. ഞാന്‍ പഠിച്ച സ്‌കൂള്‍ ആവട്ടെ കോളേജ് ആവട്ടെ മറ്റൊരു ഫെമിനയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഫെമിന എന്ന് വിളിച്ചാലും ബ്രൂസ്‌ലി എന്ന് വിളിച്ചാലും ഞാന്‍ ഹാപ്പി ആണ്. കാരണം ഏത് പേരില്‍ ആണെങ്കിലും ജനങ്ങള്‍ എന്നെ തിരിച്ചറിയുന്നു എന്നതാണ് പ്രധാനം.
ഫെമിന എന്ന പേരിന് പിന്നില്‍ എന്തെങ്കിലും സ്‌പെഷ്യല്‍ സ്റ്റോറി ഉണ്ടോ ?
അങ്ങനെ ഒരു സ്‌പെഷ്യല്‍ സ്റ്റോറി പറയാനാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ പ്രവാസികളായിരുന്നു. അമ്മ നഴ്‌സായിരുന്നു. എന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ അലീന എന്ന പേരിടാനാണ് തീരുമാനിച്ചിരുന്നത്.
പക്ഷെ അമ്മയുടെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ പേര് ഫെമിന എന്നായിരുന്നു. അമ്മക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ പേര്. അങ്ങനെയാണ് എനിക്ക് ഫെമിന എന്ന പേരിടുന്നതും അത് പിന്നീട് ഫെമിന ജോര്‍ജ് ആവുന്നതും.
ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രമായി മാറാന്‍ ബേസില്‍ എന്തെങ്കിലും നിബന്ധനകള്‍ മുന്നോട്ട് വെച്ചിരുന്നോ?
ബ്രൂസ്‌ലി ബിജി എന്ന പേരില്‍ തന്നെയുണ്ട് എന്താണ് ആ കഥാപാത്രത്തിന് വേണ്ടത് എന്ന്. ബ്രൂസ്‌ലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും കരാട്ടെയുമായി ബന്ധപ്പെട്ട എന്തോ ആണെന്ന്. തീര്‍ച്ചയായും ഈ കഥാപാത്രം ആര് ചെയ്താലും കരാട്ടെ പോലെ ഏതെങ്കിലും മാര്‍ഷ്യല്‍ ആര്‍ട്സ് അറിഞ്ഞിരിക്കണം.
സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന പോലെ കിക്ക് ചെയ്യാനും നല്ലത് പോലെ അറിയണം. അത് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. ബിജി എന്ന കഥാപാത്രത്തിന് അതിന്റേതായ മാനറിസം ഉണ്ടായിരിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് വേണ്ട തയാറെടുപ്പുകളെടുക്കാനും ബേസിലേട്ടന്‍ പറഞ്ഞു.
മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഏതെങ്കിലും തുടര്‍ന്നും പഠിക്കാന്‍ താല്‍പര്യമുണ്ടോ?
ബ്രൂസ്‌ലി ബിജി ചിത്രത്തില്‍ കരാട്ടെക്കാരി ആണ്. പക്ഷെ ഞാന്‍ പഠിച്ചത് കിക്ക് ബോക്സിങ് ആണ്. കിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കിക്ക് ബോക്സിങ്ങില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറുപ്പത്തില്‍ ഞാന്‍ രണ്ട് ആഴ്ച കരാട്ടെ ക്ലാസ്സില്‍ പോയിരുന്നു. അത് കഴിഞ്ഞ് നിര്‍ത്തി. കിക്ക് ബോക്സിങ്ങിലും വലിയ ഐഡിയ ഒന്നുമില്ല. തീര്‍ച്ചയായും കിക്ക് ബോക്സിങ് മുന്നോട്ട് കൊണ്ടുപോകാനാണ് താല്‍പര്യം.
കഥാപാത്രത്തിന് വേണ്ടി മാത്രമല്ല, സ്വയം പ്രതിരോധിക്കാനും നമ്മുടെ ശരീരഘടനക്കുമെല്ലാം അത് നല്ലതാണ്. അതുകൊണ്ട് കിക്ക് ബോക്സിങ് തുടരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്റെ അഭിപ്രായത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. അത് നമ്മളെ പല രീതിയിലും മെച്ചപ്പെടാന്‍ സഹായിക്കും.
ഫെമിന ചെറുപ്പത്തില്‍ കലാ-കായികരംഗങ്ങളില്‍ എത്രമാത്രം സജീവമായിരുന്നു? മിന്നല്‍ മുരളിയില്‍ ഫെമിനയെ കണ്ട് പഴയ സുഹൃത്തുക്കളും അധ്യാപകരുമൊക്കെ ഞെട്ടിയിട്ടുണ്ടാകുമോ? അതോ, ഈ കുട്ടി പണ്ടേ ഒരു കലാതിലകമായിരുന്നു എന്ന് കരുതിയിരിക്കുമോ?
ഇല്ല. ഞാന്‍ കലാതിലകമൊന്നും ആയിരുന്നില്ല. ഡാന്‍സിലും ഡ്രാമയിലുമൊക്കെ വളരെ വിരളമായി മാത്രമെ പങ്കെടുത്തിട്ടുള്ളു. പക്ഷെ ഞാന്‍ ഒരു അത്‌ലീറ്റ് ആയിരുന്നു. സ്പോര്‍ട്‌സില്‍ ഓട്ടത്തിനായിരുന്നു എനിക്ക് സമ്മാനങ്ങള്‍ കിട്ടാറുള്ളത്.
പത്താം ക്ലാസ് വരെ ഓട്ടമത്സരങ്ങളില്‍ മറ്റ് സ്‌കൂളുകളിലൊക്കെ പോയി പങ്കെടുത്തിട്ടുണ്ട്. പിന്നീട് മൈഗ്രേന്‍ പ്രശ്‌നം കൊണ്ട് ഓട്ടവും അവിടെ ഉപേക്ഷിക്കേണ്ടി വന്നു. ചുരുക്കി പറഞ്ഞാല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഏറ്റില്ലെങ്കിലും എനിക്ക് ഓടാന്‍ പറ്റും.
എന്തായാലും ഇത്ര ആഘോഷിക്കപ്പെട്ട, മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ സിനിമയില്‍ അഭിനയിച്ചു. സ്വാഭാവികമായും ഒരുപാട് പുതിയ അവസരങ്ങള്‍ ഫെമിനയെ തേടിവരും എന്നതില്‍ സംശയമില്ല. അപ്പോള്‍ സിനിമയെ സീരിയസ് ആയി കാണാന്‍ തന്നെയാണോ തീരുമാനം? അതോ മിന്നല്‍ മുരളി ലോക്ഡൗണ്‍ കാലത്തെ ഒരു കൗതുകം മാത്രമായിരുന്നോ?
അല്ല. ഞാന്‍ സീരിയസ് ആയി കണ്ടുകൊണ്ട് തന്നെയാണ് സിനിമയില്‍ വന്നത്. മിന്നല്‍ മുരളിക്ക് വേണ്ടി ഓഡിഷന്‍ കൊടുത്തപ്പോഴും ട്രെയിനിങ് എടുത്തപ്പോഴും എന്റെ മനസ്സില്‍ സിനിമ വളരെ സീരിയസായ സ്വപ്നം തന്നെയായിരുന്നു. ചെറിയ കഥാപാത്രം എങ്കില്‍ ചെറിയ കഥാപാത്രം. എന്നിലെ അഭിനയത്തെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ഫോക്കസ്. തുടര്‍ന്നും ധാരാളം സിനിമകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ടാകുമല്ലോ, ഒപ്പം സിനിമയെ കീറിമുറിച്ച വിമര്‍ശനങ്ങളും വരുന്നുണ്ടായിരിക്കും. ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ പ്രേക്ഷകര്‍ അനാവശ്യമായി സ്വകാര്യതയില്‍ കയറി ഇടപെടുന്നു അല്ലെങ്കില്‍ പ്രൈവെറ്റ് സ്‌പേയ്‌സിനെ ബഹുമാനിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?
സിനിമ ഇറങ്ങുന്നതിന് മുന്‍പ് എന്റെ ലൈഫ് പ്രൈവറ്റ് ആയിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം എന്റെ പ്രൈവസി പുറത്തേക്ക് പോകുന്നുണ്ട്. എന്നാലും അതൊരു പ്രശ്നമായി തോന്നുന്നില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണല്ലോ സിനിമയിലേക്ക് വന്നത്. സിനിമാ ഫീല്‍ഡിലേക്ക് വരുന്ന എല്ലാവരെയും സംബന്ധിച്ച് ഇതൊക്കെ സ്വാഭാവികമാണല്ലോ. സത്യത്തില്‍ ഇപ്പോള്‍ വരുന്ന കോളുകളും മെസേജുകളും എന്നെ കൂടുതല്‍ സന്തോഷവതിയാക്കുകയാണ് ചെയ്യുന്നത്.
ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച ഒരു ഷൂട്ടിങ്ങ് സെറ്റായിരുന്നോ മിന്നല്‍ മുരളിയുടേത്? ലോക്ഡൗണ്‍ സമയത്ത് സിനിമയുടെ സെറ്റ് പൊളിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വലിയ ടെന്‍ഷന്‍ ഉണ്ടാക്കിയിരുന്നോ?
പലരും കരുതുന്ന പോലെ അത്ര കൂള്‍ സെറ്റ് ഒന്നും ആയിരുന്നില്ല മിന്നല്‍ മുരളിയുടെത്. ഷൂട്ടിങ്ങിന്റെ സമയത്തെല്ലാം എല്ലാവരും വളരെ ഫോക്കസ്ഡ് ആയിരുന്നു. മാത്രമല്ല ഇത്തരമൊരു പടം ജനങ്ങള്‍ ഏതു തരത്തില്‍ സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള ടെന്‍ഷന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
രണ്ടര വര്‍ഷത്തോളമായി ഞാന്‍ ഈ സിനിമയിലെ ഒരു അംഗമായിട്ട്. അപ്പോള്‍ മുതല്‍ തന്നെ സിനിമയുടെ സ്വീകാര്യതയെക്കുറിച്ച് സിനിമയില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തരും ആകുലരായിരുന്നു.
സെറ്റ് പൊളിച്ച സംഭവവും വലിയ പ്രശ്നങ്ങളാണ് സിനിമയിലുള്ളവര്‍ക്കുണ്ടാക്കിയത്. പക്ഷെ ഇപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഇത്രയും കാലത്തെ കാത്തിരിപ്പിനും അധ്വാനത്തിനും ഫലം കിട്ടി എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ അതൃപതിയുണ്ടായിരുന്നോ?
മിന്നല്‍ മുരളി ഷൂട്ട് ചെയ്തത് തിയേറ്ററിന് വേണ്ടിയാണ്. സ്വാഭാവികമായും അത് ഒ.ടി.ടി ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിഷമമുണ്ടായിരുന്നു. പക്ഷെ സാഹചര്യം അതായിരുന്നു. കൊവിഡ് മൂലം എപ്പോഴാണ് തിയേറ്ററുകള്‍ തുറക്കുക എന്നതിനെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
എങ്കിലും ഒന്ന് നോക്കുമ്പോള്‍ ഒ.ടി.ടിയില്‍ ഇറക്കിയത് കൊണ്ട് സിനിമ കൂടുതല്‍ വളരുകയാണുണ്ടായത്. 200 രാജ്യങ്ങളില്‍ ഒരേസമയം റിലീസ് ചെയ്ത്, സിനിമക്ക് ഒരു ഗ്ലോബല്‍ റീച്ച് ഉണ്ടാക്കാന്‍ ഒ.ടി.ടി റിലീസിങ് വഴി സാധിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Femina George interview with DoolNews about the role in Minnal Murali