വെള്ളമടിയൊക്കെ നോര്‍മലല്ലേ, കുത്തിത്തിരികേണ്ട ആവശ്യമൊന്നുമില്ല; കാതലിനെതിരായ വിമര്‍ശനങ്ങളില്‍ അനഘ
Movie Day
വെള്ളമടിയൊക്കെ നോര്‍മലല്ലേ, കുത്തിത്തിരികേണ്ട ആവശ്യമൊന്നുമില്ല; കാതലിനെതിരായ വിമര്‍ശനങ്ങളില്‍ അനഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th December 2023, 10:24 am

കാതല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രമായ ഫെമിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് അനഘ. ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട്ട്ഫിലിമിലൂടെ നേരത്തെ തന്നെ അഭിനയരംഗത്തുള്ള തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട് അനഘ. നിരവധി ആരാധകരും താരത്തിനുണ്ട്. താനൊരു ബൈ സെക്ഷ്വല്‍ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറായ വ്യക്തി കൂടിയാണ് താരം.

കാതല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചും ആ സീന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അനഘ.

വീട്ടുകാര്‍ക്കൊപ്പമിരുന്ന് അളിയന്റെ കഥാപാത്രം വെള്ളമടിക്കുന്ന രംഗത്തെ കുറിച്ചാണല്ലോ വിമര്‍ശനം. അത്തരം വിമര്‍ശനങ്ങളൊക്കെ ഉണ്ടാകും. ഇത് കോട്ടയത്തെ ഒരു ക്രൈസ്തവ കുടുംബത്തില്‍ നടക്കുന്ന കഥയാണ്. അവിടെ നോര്‍മലി ഇത് എല്ലാവരും ചെയ്യുന്നുണ്ട്. എന്റെ അടുത്ത് അടിക്കുന്നോ എന്ന് ചോദിച്ച ശേഷം അദ്ദേഹം പെങ്ങളോടും അതേ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്.

അവിടെയൊക്കെ എല്ലാവരും അത്തരത്തില്‍ അടിച്ച് ശീലമുള്ളവരാണ്. എന്റെ ഫാമിലിയിലും അങ്ങനെ ഉള്ളവരുണ്ട്. കോട്ടയത്ത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. കോട്ടയത്തെ ചില കുടുംബങ്ങളിലൊക്കെ അത്തരത്തിലുണ്ടെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് നോര്‍മല്‍ ആയിട്ടാണ് തോന്നുന്നത്.

സിനിമയില്‍ ആ രംഗം കുത്തിത്തിരികി കയറ്റിയതായൊന്നും തോന്നുന്നില്ല. പിന്നെ ഫെമി വളരെ ഓപ്പണ്‍ പേഴ്‌സണാണ്. കാര്യം കാര്യമായി പറയുന്ന ആളാണ്. അപ്പയുടെ അടുത്തു പോലും നുണ പറയല്ലേ അപ്പാ എന്ന് പറയുന്ന ആളാണ്. അങ്ങനെ ഒരാളോട് ഹോസ്റ്റലില്‍ അടിക്കാറുണ്ടോടീ എന്ന് ചോദിച്ചാല്‍ സ്വാഭാവികമായും തുറന്ന് പറയും.

ഞാന്‍ ആയാല്‍ പോലും എന്റെ വീട്ടുകാരുടെ അടുത്ത് നുണ പറയില്ല. കാര്യം കാര്യമായി പറയും. അപ്പോള്‍ ആ സമയത്ത് ഫെമിയുടെ കഥാപാത്രം ഓപ്പണ്‍ ആയി പറയുന്നുണ്ട്. അമ്മയുടെ കഥാപാത്രവും വളരെ ഓപ്പണ്‍ ആണ്,’ അനഘ പറയുന്നു.

എന്തെങ്കിലും ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകണമെന്ന് കരുതി ചെയ്ത സിനിമയൊന്നുമല്ല കാതലെന്നും മമ്മൂക്ക ആ കഥാപാത്രം ചെയ്തത് തന്നെയാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിച്ച സ്വീകാര്യതയ്ക്ക് കാരണമെന്നും അനഘ അഭിമുഖത്തില്‍ പറഞ്ഞു. ഫെമിയുടെ കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെയായിരുന്നു തന്റെ ആദ്യ ഷോട്ടെന്നും ആക്ഷന്‍ പറഞ്ഞപ്പോള്‍ തന്നെ ഫ്‌ളോ കറക്ടായി ആ കഥാപാത്രത്തെ ചെയ്യാന്‍ സാധിച്ചെന്നും മമ്മൂക്ക നമുക്ക് തരുന്ന റെസ്‌പോണ്‍സ് കൊണ്ടാണ് അത് സംഭവിക്കുന്നതെന്നും അനഘ പറഞ്ഞു.

Content Highlight: Actress Femi About the Kaathal Movie Scene and Criticism