| Monday, 21st December 2020, 3:17 pm

'ഞാന്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ലെന്ന് നിങ്ങള്‍ക്ക് പറയാം, എന്നാല്‍ ഇതാണ് സംസ്‌ക്കാരം എന്നൊന്നും പറഞ്ഞ് വന്നേക്കരുത്': എസ്തര്‍ 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാലോ തടി കുറച്ച വീഡിയോ ഷെയര്‍ ചെയ്താലോ എന്നുവേണ്ട വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളുടെ പേരിലും വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് പൊതുവെ സെലിബ്രറ്റികള്‍.

കൃത്യമായ പരിശീലനത്തിലൂടെ തടി കുറച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അങ്ങേയറ്റം അശ്ലീലമായ കമന്റുകളും അസഭ്യ വര്‍ഷവുമായിരുന്നു ഒരു കൂട്ടര്‍ നടത്തിയത്.

ഏതാനും നാള്‍ മുന്‍പ് നടി അനശ്വര പോസ്റ്റുചെയ്ത ഒരു ഫോട്ടോയ്ക്ക് താഴെ സൈബര്‍ സദാചാര വാദികളുടെ രൂക്ഷമായ ആക്രമണം നടന്നിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് ധരിച്ചതെന്ന് ആരോപിച്ചായിരുന്നു താരത്തിനെതിരെ സൈബര്‍ സദാചാര ആങ്ങളമാര്‍ അന്ന് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി വീ ഹാവ് ലഗ്‌സ് ക്യാമ്പയിന് മലയാള സിനിമയിലെ നടിമാര്‍ കുറിക്കുകയും ചെയ്തിരുന്നു. അന്ന് അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ നടി എസ്തറുമുണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ കാണിച്ചുകൊണ്ടുള്ള എസ്തറിന്റെ ചിത്രത്തിനെതിരെയും വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായി.

നമ്മള്‍ എന്ത് ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം, എങ്ങനെ സംസാരിക്കണം തുടങ്ങിയവയെല്ലാം ഓരോ വ്യക്തിയുടേയും തീരുമാനങ്ങളാണെന്നും അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും പറയുകയാണ് എസ്തര്‍.  ‘ ഞാന്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഈ വസ്ത്രം ധരിക്കരുത് എന്ന് വിധിയെഴുതരുത്. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ മാനിക്കുന്നു. അല്ലാതെ ഇതാണ് ഞങ്ങളുടെ സംസ്‌ക്കാരം, നിയമം എന്നൊക്കെ പറഞ്ഞ് വരരുത്. ആ സ്വഭാവം പെട്ടെന്ന് മാറില്ലെന്നറിയാം. ഇത്തരം മൂവ്‌മെന്റുകള്‍ മാറ്റങ്ങള്‍ക്ക് കാരണമാകട്ടെ’, എസ്തര്‍ ഗൃഹലക്ഷ്മിയോട് പറഞ്ഞു.

വീട്ടിലും പുറത്തുപോകുമ്പോഴുമെല്ലാം പലപ്പോഴും ഷോട്ട്‌സ് ധരിക്കുന്നയാളാണ് ഞാന്‍. ഏറ്റവും കംഫര്‍ട്ടഫിളായ വസ്ത്രങ്ങളിലൊന്നാണത്. എല്ലാവരും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഫോട്ടോകള്‍ പങ്കുവട്ടെ. , എസ്തര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പലവട്ടം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നുവെന്നും സാനിയ ഇയ്യപ്പനും അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിങ് നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു.

‘ ഞങ്ങള്‍ ഈ വിഷയത്തെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട് എന്നല്ലാതെ ഇതുവരെ അതിനെതിരെ പ്രതികരിച്ചിരുന്നില്ല. അനശ്വരയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടു.

പൃഥ്വിരാജിന്റേയും അനശ്വരയുടേയും ഫോട്ടോകളും കമന്റുകളും ഒരുമിപ്പിച്ച കൊളാഷായിരുന്നു. പൃഥ്വിരാജ് ബോഡി കാണിച്ചുനില്‍ക്കുന്ന ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍. എന്നാല്‍ അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ വന്നത് അശ്ലീലവും. അതുകൂടി കണ്ടപ്പോള്‍ ഷോട്ട്‌സ് ധരിച്ച് ഫോട്ടോ പോസ്റ്റു ചെയ്തു. അതത്ര വലിയ മൂവ്‌മെന്റ് ആകുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല’, താരം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Esther Anil About Social Media Attacks And Cyber Bullying

We use cookies to give you the best possible experience. Learn more