| Tuesday, 23rd August 2022, 6:06 pm

ബാക്കിയെല്ലാ രംഗങ്ങളെയും പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളും, സിനിമയെ സിനിമയായിട്ടാണ് കാണേണ്ടത്: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അള്ള് രാമേന്ദ്രന് ശേഷം ബിലാഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 ഈ വരുന്ന ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തുന്നത്. കൃഷ്ണ ശങ്കറിനൊപ്പം ദുര്‍ഗ കൃഷ്ണയും സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്.

ഇപ്പോഴിതാ താന്‍ ഉടല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ക്കെതിരെയുള്ള സ്ലട്ട് ഷെയ്മുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ദുര്‍ഗ കൃഷ്ണ

കുടുക്കിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം കുടുക്കിലെ ഒരു ഗാനം റിലീസ് ചെയ്തത് മുതലാണ് സ്ലട്ട് ഷെയ്മുകള്‍ വന്നു തുടങ്ങിയതെന്നും അന്ന് തൊട്ട് ഇന്നുവരെ അവരത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ദുര്‍ഗ പറയുന്നു.

‘സ്ലട്ട് ഷെയിമിങ് ചെയ്യുന്നവരുടെ ജോലി അത് തന്നെയാണെന്ന്. അവരത് ചെയ്തോട്ടെ, ഞാന്‍ ആ ചിത്രത്തിന് ശേഷം വേറെ സിനിമകള്‍ ചെയ്ത് മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നെ ഒരു തരത്തിലും ഇതൊന്നും ബാധിക്കുന്നില്ല. ഞാന്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യും,’ ദുര്‍ഗ പറയുന്നു.

‘സിനിമ സിനിമയായിട്ടാണ് കാണേണ്ടതെന്നും. ഒരു ഫൈറ്റ് രംഗം, ഇമോഷണല്‍ രംഗം അല്ലെങ്കില്‍ അതുപോലെ മറ്റേത് രംഗം പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇന്റിമേറ്റ് രംഗങ്ങളെ വേര്‍തിരിച്ച് കാണേണ്ടതില്ല. ഞാന്‍ ചെയ്യുന്നതൊരു തൊഴിലാണ്. ഇതൊക്കെ അതിന്റെ ഭാഗമാണ്. ഒരു കലാകാരിയാണ് ഞാന്‍, പല വേഷങ്ങളും പല രീതിയിലും ചെയ്യേണ്ടി വരും. ഞാനൊരു പുരുഷനായും, സ്ത്രീയായും, വീട്ടമ്മയായും, ഒരു ദുഷ്ടയായ സ്ത്രീയായും, വേഷമിടേണ്ടിവരും. കലാകാരന്‍ ഒരു ജന്മത്തില്‍ പല വേഷങ്ങളിലൂടെയും കടന്നു പോകേണ്ടി വരും.

സംവിധായകന്‍ ഒരു കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിക്കുമ്പോള്‍ എനിക്ക് തോന്നിയത് പോലെയത് തിരുത്തി എഴുതാനുള്ളതല്ല. ആ സിനിമക്ക് ഓരോ രംഗങ്ങളും എത്രത്തോളം പ്രധാനപ്പെതാണ് എന്നാണ് ഞാന്‍ നോക്കുന്നത്.

ഉടലില്‍ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണ് ആ ഇന്റിമേറ്റ് രംഗം. അതാ സിനിമയ്ക്ക് ഏറെ ആവശ്യമുള്ള ഒരു കാര്യമാണ് അതെന്റെ ഇഷ്ടം പോലെ തിരുത്താന്‍ സാധിക്കില്ല.

ഇപ്പോഴത്തെ സിനിമകള്‍ കുറച്ചുകൂടി റിയലിസ്റ്റിക്കാണ്. ഫൈറ്റ് സീനും മറ്റും ഭയങ്കര റിയലായിട്ടാണ് ആളുകള്‍ക്ക് കാണേണ്ടത്. ഉടല്‍ ചെയ്യുമ്പോള്‍ പെര്‍ഫോം ചെയ്യാന്‍ എത്രയുണ്ട് എന്ന് മാത്രമാണ് നോക്കിയത്.’ ദുര്‍ഗ പറയുന്നു.

റാം മോഹന്‍, സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് തുടങ്ങിയവരാണ് കുടുക്കിലെ മറ്റു പ്രധാന താരങ്ങള്‍. സ്റ്റേറ്റ് അവാര്‍ഡ് നേടിയ കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിമന്യു വിശ്വനാഥാണ് സിനിമയുടെ ഛായാഗ്രഹണം.

Content Highlight: Actress Durga Krishna Replies to the slut shaming comments against her

We use cookies to give you the best possible experience. Learn more