Movie Day
ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്, ഞാന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നത്: ദുര്‍ഗ കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 22, 10:33 am
Sunday, 22nd May 2022, 4:03 pm

കൊച്ചി: ഇന്റിമേറ്റ് സീനുകളില്‍ സ്ത്രീകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നതിനെതിരെ നടി ദുര്‍ഗാകൃഷണ. ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു.

ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

‘ഉടല്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ പിന്നെ അത് ഒഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അത് അറിയാമായിരുന്നു,’ എന്ന് ദുര്‍ഗ കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയും നടി ദുര്‍ഗ കൃഷണ തുറന്നടിച്ചു.

വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ഉടല്‍ എന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്.

Content Highlights: Actress Durga Krishna protests against being criticized only by women in intimate scenes