| Monday, 11th October 2021, 1:38 pm

എന്നെ പിന്തുണച്ച ഭര്‍ത്താവ് നാണമില്ലാത്തവന്‍, ലിപ്‌ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവും; അതെന്താണ് അങ്ങനെ: ദുര്‍ഗ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുടുക്ക് 2025 എന്ന സിനിമയിലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ട് തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞത്.

ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ പിന്തുണച്ച ഭര്‍ത്താവ് നാണമില്ലാത്തവനാവുകയും അതേസമയം ലിപ് ലോക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവ് ആവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണെന്നും അതെന്തുകൊണ്ടാണ് അങ്ങനെയെന്നും ദുര്‍ഗ ചോദിക്കുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ലിപ് ലോക്ക് ചെയ്യാന്‍ കഴിയില്ലേയെന്നും ദുര്‍ഗ ചോദിക്കുന്നു.

കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ് ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ച് പറയണമെന്ന് തോന്നി. കുടുക്ക് 2025 എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനത്തെ ഭാഗം ഒരു ലിപ് ലോക്ക് സീനാണ്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. അതില്‍ ലിപ്‌ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.

ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവാണ് ഈ പാട്ട് പ്രൊമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ എനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യയും സപ്പോര്‍ട്ടീവ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു.

സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

ആ ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തകനെ സപ്പോര്‍ട്ടുചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല.

ഞങ്ങള്‍ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ്‌ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ന് എന്റെയും അര്‍ജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലേ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്. ആദ്യം ഭീഷണിയൊക്കെയായിരുന്നു. പിന്നീട് സോറിയൊക്കെ പറഞ്ഞു. എന്നോട് ആ സ്‌റ്റോറി ഡിലീറ്റ് ചെയ്യാനൊക്കെ ആവശ്യപ്പെട്ടു.

ആ കുട്ടി പറഞ്ഞത് അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ്. ശരി. എന്റെ സിനിമ ഇഷ്ടമില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, അഭിനയം ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞോളൂ. ആ സീന്‍ ഇഷ്ടമായില്ലെങ്കില്‍ അത് കാണണ്ട. എന്നാല്‍ ഒരാളുടെ പേഴ്‌സണല്‍ ലൈഫിനെ ചൊറിഞ്ഞുകൊണ്ടാവരുത് അത്.

ലിപ് ലോക്ക് ചെയ്യാന്‍ എന്നെ വിടാന്‍ എന്റെ ഭര്‍ത്താവിന് നാണമില്ലേ എന്നൊക്കെ ചോദിക്കേണ്ടതുണ്ടോ? എന്റെ കല്യാണത്തിന് മുന്‍പും ഞാന്‍ സിനിമയാണ് ചെയ്തുകൊണ്ടിരുന്നത്. എന്റെ കല്യാണത്തിനു മുന്‍പ് ഷൂട്ട് ചെയ്ത സിനിമയാണിത്. പിന്നെ ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വെക്കേണ്ടതില്ലല്ലോ.

കല്യാണം കഴിഞ്ഞതുകൊണ്ട് ഇപ്പോള്‍ തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇത് കേള്‍ക്കേണ്ടത് എന്റെ അച്ഛനും അമ്മയും ആകുമായിരുന്നു. മലയാള സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളൂ? പെണ്ണുങ്ങള്‍ക്ക് പറ്റില്ലേ? അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ മാത്രം എന്തുകൊണ്ട് വിമര്‍ശനം കേള്‍ക്കുന്നു.

ലിപ്‌ലോക്ക് ചെയ്ത കിച്ചു ഹീറോ ആയി, എനിക്ക് വിമര്‍ശനവും കിട്ടുന്നു. ഈ കമന്റ്‌സ് എന്നെയോ അര്‍ജുനെയോ ബാധിക്കുന്നില്ല. ഇതൊക്കെ അവഗണിച്ചുകളയണമെന്നാണ് അര്‍ജുന്‍ പറയുന്നത്.

പക്ഷേ അര്‍ജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണുന്നുണ്ടാവില്ലേ. അവര്‍ക്ക് എന്തായിരിക്കും തോന്നുക. ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

അവരുടെ മകനെപ്പറ്റി ഇത്ര മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് വിഷമം തോന്നില്ലേ. സന്തോഷമായി പോകുന്ന എന്റെ ഫാമിലി ലൈഫിനെ ചൊറിയാന്‍ നില്‍ക്കരുത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നും അത് അവരുടെ വീട്ടുകാര്‍ കണ്ടാല്‍ പ്രശ്‌നമാണെന്നുമൊക്കെയാണ് ആ കുട്ടി പറയുന്നത്. പക്ഷേ എനിക്കത് ഡിലീറ്റ് ചെയ്യാന്‍ തോന്നുന്നില്ല. എന്തിന് ഞാന്‍ ഡിലീറ്റ് ചെയ്യണം.

എത്ര മെയില്‍ ആര്‍ട്ടിസ്റ്റുകള്‍ മലയാള സിനിമയില്‍ കിസിങ് സീനില്‍ അഭിനയിക്കുന്നു. അത് അഭിനയം മാത്രമാണ്. കാണാന്‍ ഇഷ്ടമല്ലെങ്കില്‍ കാണേണ്ട. ഇത് കാണുകയും ചെയ്യും മാറിയിരുന്ന് പേഴ്‌സണല്‍ ലൈഫിനെ കുറ്റം പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
നടിമാര്‍ മാത്രം ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്,” ദുര്‍ഗ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Durga Krishna About The Lip Lock Scene Controversy

We use cookies to give you the best possible experience. Learn more