|

ഗൂഗിളില്‍ ദുര്‍ഗ എന്ന് സര്‍ച്ച് ചെയ്താല്‍ ബെഡ് റൂം സീന്‍ എന്ന് സജഷന്‍ വരും; ആ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വിഷമമുണ്ട്: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉടല്‍ എന്ന ചിത്രത്തില്‍ അതിഗംഭീരമായ പെര്‍ഫോമന്‍സിലൂടെ മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ചില രംഗങ്ങളില്‍ ഇന്ദ്രന്‍സിനെപ്പോലും കവച്ചുവെക്കുന്ന രീതിയില്‍ സ്വന്തം പ്രകടനത്തെ ഉയര്‍ത്താന്‍ ദുര്‍ഗയക്കായിരുന്നു.

എന്നാല്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ തേടിയെത്തേണ്ട സമയത്ത് പോലും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്നു ദുര്‍ഗ. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിലായിരുന്നു ദുര്‍ഗ വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നത്. അതുപോലെ കുടുക്ക് എന്ന ചിത്രത്തിലെ ചില രംഗങ്ങളുടെ പേരിലും ദുര്‍ഗ വിമര്‍ശിക്കപ്പെട്ടു.

ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇത്തരം വിമര്‍ശനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതെന്ന് പറയുകയാണ് താരം. ഉടല്‍ എന്ന ചിത്രത്തിനായി നടത്തിയ വലിയ പരിശ്രമങ്ങളൊന്നും ചര്‍ച്ചയാക്കാതെ വെറും ബെഡ് റൂം സീനുകളെ കുറിച്ച് മാത്രം സംസാരിക്കുന്ന മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനെ കുറിച്ചും താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ഉടലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യണമെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി. രണ്ടുദിവസം നെഞ്ചുവേദനയായിരുന്നു.

ഇന്ദ്രന്‍സ് ഏട്ടന്റെ കയ്യില്‍ നിന്നും ഇടി കിട്ടി. ഇതൊന്നും ടൈമിങ് തെറ്റി കിട്ടുന്നതല്ല കേട്ടോ. ആത്മാര്‍ഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്.

സ്റ്റെയര്‍കെയ്‌സില്‍ നിന്നു വീണ് താഴെ ചുമരില്‍ തലയിടിക്കുന്ന സീനുണ്ട്. അവസാനം അലമാരയില്‍ തലയിടിക്കുന്ന സീന്‍ അഭിനയിച്ചുകഴിഞ്ഞ് തലയിലൊരു മരവിപ്പു പോലെ തോന്നിയതേ ഓര്‍മയുള്ളൂ. പിന്നെ, ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെ കുറിച്ചു മാത്രം പറയുന്നതില്‍ നിന്നു തന്നെ മലയാളികളുടെ ‘സെക്ഷ്വല്‍ ഫ്രഷന്‍’ മനസ്സിലാക്കാം. ഗൂഗിളില്‍ ‘ദുര്‍ഗ’ എന്നു സെര്‍ച് ചെയ്താല്‍ തന്നെ ബെഡ്‌റൂം സീന്‍ എന്നു സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വലിയ വിഷമമുണ്ട്,’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.

കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും ദുര്‍ഗ കൃഷ്ണ അഭിമുഖത്തില്‍ സംസാരിച്ചു.’ പാട്ട് റിലീസായപ്പോള്‍ തന്നെ വിവാദങ്ങളും ചീത്ത വിളിയും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായ സിനിമയാണ് കുടുക്ക് 2025. വീട്ടുകാരെ വരെ ചിലര്‍ മോശം കമന്റ് ചെയ്തു. അതു കണ്ട് കുടുക്ക്’ ടീമിന്റെ ഗ്രൂപ്പില്‍ കോള്‍ ചെയ്തു വഴക്കുണ്ടാക്കി. സിനിമ ചെയ്തതിന്റെ പേരില്‍ ഞാന്‍ നേരിടുന്ന ടെന്‍ഷന്‍ മാനേജ് ചെയ്യാന്‍ നിങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ…’ എന്ന് ചോദിച്ചു. തൊട്ടു പിന്നാലെ ഓരോരുത്തരായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു.

‘ലിപ്‌ലോക്കില്‍ ഒന്നിച്ചഭിനയിച്ച ഞാന്‍ സന്തോഷത്തോടെ കുട്ടിയെയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെണ്‍കുട്ടി ഇപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നു’ എന്ന കൃഷ്ണശങ്കറിന്റെ പോസ്റ്റ് വൈറലായി.

അതിനു താഴെ ഒരാള്‍ വന്നു ചോദിച്ചത്, ‘നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ എന്നാണ്. അപ്പോള്‍ പ്രശ്‌നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്നു മനസ്സിലാകുന്നില്ല,’ ദുര്‍ഗ പറയുന്നു.

കഥാപാത്രത്തെ മികച്ചതാക്കാന്‍ എത്ര പരിശ്രമിക്കാനും തനിക്ക് മടിയില്ലെന്നും അതിന്റെ പേരില്‍ വരുന്ന ഒരു ഗോസിപ്പുകളേയും താന്‍ പേടിക്കുന്നില്ലെന്നും ദുര്‍ഗ പറഞ്ഞു.

Content highlight: Actress Durga Krishna about Malayaless Sexual Frustration and social media attack