ലിപ് ലോക്ക് രംഗങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നത്, അത് കഥാപാത്രങ്ങള്‍ തമ്മിലാണ്; ദുര്‍ഗ കൃഷ്ണ പറയുന്നു
Malayalam Cinema
ലിപ് ലോക്ക് രംഗങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നത്, അത് കഥാപാത്രങ്ങള്‍ തമ്മിലാണ്; ദുര്‍ഗ കൃഷ്ണ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th September 2021, 3:04 pm

കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം ഹിറ്റായിട്ടുണ്ട്. തെയ്തക തെയ്തക എന്ന് തുടങ്ങുന്ന ഗാനം തലമുറകള്‍ വ്യത്യാസമില്ലാതെ ഏറ്റെടുത്തു കഴിഞ്ഞു.

ഒപ്പം തന്നെ ചിത്രത്തിലെ ‘മാരന്‍ മറുകില്‍ ചോരും’ എന്നു തുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനവും ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.

ഇപ്പോള്‍ ഗാനരംഗത്തില്‍ മാരനും ഈവും തമ്മിലുള്ള പ്രണയാര്‍ദ്രമായ രംഗത്തെ കുറിച്ചും ലിപ്‌ലോക്ക് സീനിനെ കുറിച്ചും സംസാരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.

കുടുക്കിലെ ആ പാട്ട് പ്രൊമോട്ട് ചെയ്യാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭര്‍ത്താവ് അര്‍ജുന്‍ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്‍ജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അര്‍ജുനാണ്. അര്‍ജുന്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. അദ്ദേഹത്തിന് അത് ഒരു പ്രശ്‌നമേ അല്ലായിരുന്നു. സിനിമയില്‍ ഒരു ലിപ് ലോക്ക് സീനുണ്ടെന്ന് അര്‍ജുനോട് പറഞ്ഞിരുന്നു. പിന്നെ ഞങ്ങളുടെ രണ്ട് പേരുടേയും ടെന്‍ഷന്‍ ഇത് വീട്ടുകാര്‍ എങ്ങനെ എടുക്കുമെന്നായിരുന്നു.

എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല. അര്‍ജുന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എനിക്ക് വേണ്ടി സംസാരിച്ചത്. ആ കാര്യത്തില്‍ ഞാന്‍ ലക്കിയായിരുന്നു. അത്രയും സപ്പോര്‍ട്ടീവായിരുന്നു.

പിന്നെ ഇത് നമ്മുടെ ജോലിയാണ്. ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങള്‍ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ല. മാത്രമല്ല അവിടെ കിച്ചുവും ദുര്‍ഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്‌സണല്‍ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ല. ഭാഗ്യത്തിന് ഞങ്ങള്‍ രണ്ട് പേര്‍ക്കും അങ്ങനെയുള്ള പാര്‍ട്‌ണേഴ്‌സിനെയാണ് കിട്ടിയിരിക്കുന്നതും, ദുര്‍ഗ കൃഷ്ണ പറഞ്ഞു.

ബിലഹരിയാണ് ചിത്രം ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, സ്വാസിക, രഘുനാഥ് പലേരി തുടങ്ങിയവരാണ് ‘കുടുക്ക് 2025’ല്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അള്ള് രാമചന്ദ്രന് ശേഷം ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

എസ്.വി. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Durga Krishna About Liplock Scenes Kuduk 2025 movie