അറിയിപ്പ് എന്ന സിനിമയില്‍ തൊഴിലാളിയായി അഭിനയിക്കുന്നതിന് വേണ്ടി കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ പോയി പരിശീലനം നേടിയിരുന്നുവെന്ന് നടി ദിവ്യ പ്രഭ. ദല്‍ഹിയിലെ ഷൂട്ടിങ്ങിന്റെ സമയത്തും ഇത്തരത്തില്‍ പരിശീലനം നേടിയിരുന്നുവെന്നും താരം പറഞ്ഞു. അറിയിപ്പിലെ രശ്മി എന്ന കഥാപാത്രം എല്ലാവരും പറയുന്നത് പോലെ ബോള്‍ഡല്ലെന്നും, അങ്ങനെ ആയിരുന്നെങ്കില്‍ ഇത്ര വേഗം തളര്‍ന്ന് പോകില്ലായിരുന്നു എന്നും ദിവ്യ പ്രഭ കൂട്ടിച്ചേര്‍ത്തു.
‘മികച്ചൊരു ടീം വര്‍ക്കായിരുന്നു അറിയിപ്പ് സിനിമ. നായകനായ കുഞ്ചാക്കോ ബോബന്‍ മുതല്‍ ടെക്‌നീഷ്യന്മാര് വരെ ഒത്തൊരുമിച്ചു പ്രയത്‌നിച്ച ചിത്രമായിരുന്നു അത്. താര മൂല്യമുള്ള ചാക്കോച്ചന്‍ ഹരീഷ് പോലെ ഒരു കഥാപാത്രം ചെയ്യാന്‍ തയാറായത് വലിയൊരു കാര്യം തന്നെയാണ്. ചിത്രത്തില്‍ രശ്മി എന്ന എന്റെ കഥാപാത്രം ഒരു സ്‌കില്‍ഡ് ലേബറാണ്. ആ കഥാപാത്രത്തിലേക്ക് മാറണമെങ്കില്‍ ആ തൊഴില്‍ പഠിക്കുകയും അവരുടെ ശരീര ഭാഷ മനസിലാക്കുകയും വേണമായിരുന്നു.
ഷൂട്ടിങ്ങിന് ദല്‍ഹിയില്‍ പോകുന്നതിന് മുമ്പ് കൊച്ചിയിലെയൊരു ഫാക്ടറിയിലും അവിടെ എത്തിയതിന് ശേഷം ഷൂട്ടിങ്ങ് നടത്തിയ ഫാക്ടറിയിലും പരിശീലനം നടത്തിയിരുന്നു. അതൊരു കഥാപാത്രമായി മാറുന്നതിനുള്ള പ്രാഥമികമായ തയാറെടുപ്പ് മാത്രമാണെന്നാണ് ഞന്‍ കരുതുന്നത്.
കഥയും തിരക്കഥയും മുമ്പു തന്നെ എന്റെ കയ്യില്‍ കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ രശ്മിയെ മനസിലാക്കാന്‍ സാധിച്ചു. പിന്നീട് ദല്‍ഹിയില്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍, അവിടെ ഇത്തരത്തിലുള്ള നിരവധി ജീവിതങ്ങളെ കണ്ടറിഞ്ഞു. ചിത്രത്തില്‍ ഫാക്ടറിയിലെ ജീവനക്കാരായി കാണിക്കുന്നത് ആ ഫാക്ടറിയിലെ ശരിക്കുമുള്ള ജോലിക്കാരെ തന്നെയാണ്.
അവിടെയുള്ള ആളുകളുമായി ഇടപഴകിയപ്പോള്‍ രശ്മി എന്താണ്, അവളുടെ ജീവിതം എങ്ങനെയാണ് എന്നൊക്കെ മനസിലാക്കാന്‍ കഴിഞ്ഞു. രശ്മിയുടെയും ഹരീഷിന്റെയുമായി കാണിച്ചിരിക്കുന്ന വീട് ശരിക്കും അവിടുത്തെ ജോലിക്കാര്‍ താമസിക്കുന്ന വീടാണ്. അതൊക്കെ കഥാപാത്രമായി മാറുന്നതിന് ശേഷം എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്.
രശ്മി എല്ലാവരും പറയുന്നതുപോലെ ഒരു ബോള്‍ഡായ ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയാണെങ്കില്‍ ഒരു വീഡിയോ പുറത്തിറങ്ങിയതിന്റെ പേരില്‍ ഇത്രത്തോളം അവള്‍ ദുര്‍ബലയാകുമായിരുന്നില്ല. ഞാന്‍ ചിന്തിച്ചിട്ടുണ്ട്, രശ്മിയുടെ സ്ഥാനത്ത് ശരിക്കുമുള്ള ഞാനായിരുന്നെങ്കിലെന്ന്. അവള്‍ എടുത്തത് പോലെയുള്ള തീരുമാനങ്ങള്‍ ഞാനും എടുക്കുമായിരിക്കും, പക്ഷെ അത്രമാത്രം ഡൗണാകുമെന്ന് തോന്നുന്നില്ല. അവസാനമാകുമ്പോഴേക്കും തന്റെ ആത്മാഭിമാനത്തെ അവള്‍ മുറുകെ പിടിക്കുകയാണ്. അനുഭവങ്ങളിലൂടെ അവള്‍ തന്റെ വ്യക്തിത്വം ശക്തമായി മുറുകെ പിടിക്കുകയാണ് ചെയ്യുന്നത്,’ ദിവ്യ പ്രഭ പറഞ്ഞു.
അതേസമയം, നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുസാന്‍ ചലച്ചിത്ര മേള, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്‌ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
CONTENT HIGHLIGHT: ACTRESS DIVYA PRABHA TALKS ABOUT HER CHARACTER RASHMI IN ARIYIPPU MOVIE