പത്ത് വര്‍ഷം മുമ്പായിരുന്നു അറിയിപ്പ് വന്നിരുന്നതെങ്കില്‍ ചെയ്യാന്‍ പറ്റില്ല; എനിക്ക് അക്കാദമിക് ബാക്ക്ഗ്രൗണ്ടില്ല: ദിവ്യ പ്രഭ
Entertainment news
പത്ത് വര്‍ഷം മുമ്പായിരുന്നു അറിയിപ്പ് വന്നിരുന്നതെങ്കില്‍ ചെയ്യാന്‍ പറ്റില്ല; എനിക്ക് അക്കാദമിക് ബാക്ക്ഗ്രൗണ്ടില്ല: ദിവ്യ പ്രഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 8:30 am

കുഞ്ചാക്കോ ബോബന്‍, ദിവ്യ പ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.

ദല്‍ഹിയിലെ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നതും തുടര്‍ന്ന് ദമ്പതിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമയില്‍ പറയുന്നത്.

സിനിമയിലെത്തി ഒമ്പത് വര്‍ഷമായ നടി ദിവ്യ പ്രഭ ആദ്യമായി ലീഡ് റോളിലെത്തിയ ചിത്രം കൂടിയാണ് അറിയിപ്പ്. എന്നാല്‍ കരിയറിന്റെ തുടക്ക സമയത്താണ് ഇങ്ങനെയൊരു റോള്‍ ലഭിച്ചിരുന്നതെങ്കില്‍ തനിക്കത് ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്ന് പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ.

ചെറിയ സിനിമകളില്‍ ചെറിയ റോളുകളിലെത്തി ഇപ്പോള്‍ ഒരു സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുമ്പോള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”എങ്ങനെ സിനിമയെ അപ്രോച് ചെയ്യണമെന്നും അതിന് വേണ്ടി തയ്യാറെടുക്കണമെന്നും ഞാന്‍ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് അക്കാദമിക് ബാക്ക്ഗ്രൗണ്ടില്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത്, ചെറിയ റോളുകള്‍ ചെയ്തിട്ടാണെങ്കിലും ഈ ഒമ്പത് വര്‍ഷം എന്റെ പഠനം തന്നെയായിരുന്നു എന്നാണ്.

ഇനിയും പഠിക്കാന്‍ കിടക്കുന്നു. ഈ ഒമ്പത് വര്‍ഷം ചെറിയ റോളുകളാണ് ചെയ്തതെങ്കില്‍ പോലും എല്ലാ സിനിമയില്‍ നിന്നും എന്തെങ്കിലുമൊക്കെ കാര്യം നമുക്ക് എടുക്കാനുണ്ടാവും. ഒരു ലീഡ് ക്യാരക്ടര്‍ ചെയ്യാന്‍ ഇത് തന്നെയായിരുന്നു കറക്ട് സമയം എന്നെനിക്ക് തോന്നുന്നു.

ഒരുപക്ഷെ ഞാന്‍ സിനിമയില്‍ വന്ന സമയത്താണ് ഇങ്ങനെയൊരു ക്യാരക്ടര്‍ എന്നെ ഏല്‍പിച്ചതെങ്കില്‍ എനിക്ക് ഒരിക്കലും ഇത് നന്നായി ചെയ്യാന്‍ പറ്റില്ല. ശരിക്കും പഠിച്ചും ചിന്തിച്ചും ചെയ്യേണ്ടതാണ്. ഒന്നുകില്‍ എക്‌സ്പീരിയന്‍സ് വേണം അല്ലെങ്കില്‍ അക്കാദമിക് ബാക്ക്ഗ്രൗണ്ട് വേണം എന്ന് തോന്നുന്നു,” ദിവ്യ പ്രഭ പറഞ്ഞു.

ആര്‍ടിസ്റ്റ് എന്ന രീതിയില്‍ വളരുമ്പോള്‍ വ്യക്തിപരമായ, സ്വന്തം കരിയറിന്റെ കാര്യങ്ങള്‍ മാത്രം നോക്കിയാണോ മുന്നോട്ട് പോകുക, അതോ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുമോ എന്ന ചോദ്യത്തിനും നടി മറുപടി പറയുന്നുണ്ട്.

”പ്രധാന ഫോക്കസ് നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തന്നെയായിരിക്കും, അഭിനയം പഠിക്കണം എന്നുള്ളതായിരിക്കും. പക്ഷെ ചുറ്റുപാടും കാണുന്ന കാര്യങ്ങളോട് കണ്ണടക്കുന്ന ഒരാളല്ല ഞാന്‍. അങ്ങനെ കണ്ണടക്കാന്‍ പറ്റില്ല. പറയേണ്ടത് പറയേണ്ട പോലെ പറയണം,” താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുസാന്‍ ചലച്ചിത്ര മേള, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content HIghlight: Actress Divya Prabha talks about her acting and the movie Ariyippu