എന്റെ പ്രവൃത്തി കണ്ട് പൃഥ്വിരാജ് അസ്വസ്ഥനായി, അദ്ദേഹം അന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം മനസിലായത്: ദിവ്യ പിള്ള
Entertainment news
എന്റെ പ്രവൃത്തി കണ്ട് പൃഥ്വിരാജ് അസ്വസ്ഥനായി, അദ്ദേഹം അന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം മനസിലായത്: ദിവ്യ പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 11:54 pm

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദിവ്യ പിള്ള. പിന്നീട് നിരവധി ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ച അനുഭവങ്ങള്‍ പറയുകയാണ് ദിവ്യ.

അഭിനയിച്ചതിന് ശേഷം തന്റെ ജോലി ചെയ്യാറുണ്ടെന്നും തന്റെ ആ പ്രവര്‍ത്തി കണ്ടിട്ട് പൃഥ്വിരാജ് അസ്വസ്ഥനായെന്നും താരം പറഞ്ഞു. അദ്ദേഹം അന്ന് പറഞ്ഞതിന് ശേഷമാണ് സിനിമയെ താന്‍ സീരിയസായി കണ്ടതെന്നും ദിവ്യ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പലപ്പോഴും അഭിനയിച്ച ശേഷം ജോലി ചെയ്യുമായിരുന്നു. ഊഴത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജ് വരെ എന്റെ പ്രവൃത്തി കണ്ട് അസ്വസ്ഥനായി. കമ്പനിയില്‍ നിന്ന് ആ സമയത്ത് ഒരുപാട് പ്രഷറുണ്ടായിരുന്നു. ജീത്തു ജോസഫ്-പൃഥ്വിരാജ് കോമ്പിനേഷന്‍ ആയതുകൊണ്ടാണ് ഊഴം ചെയ്തത്.

ആ സമയത്ത് ഞാന്‍ ഷൂട്ടിങിനേക്കാള്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത് എന്റെ ജോലിക്കായിരുന്നു. അതുകൊണ്ട് സീന്‍ വേഗം തീര്‍ത്ത് ഞാന്‍ ജോലി ചെയ്യാന്‍ ഓടുമായിരുന്നു. ചിലപ്പോള്‍ കുറച്ച് നേരം ജോലിക്ക് വേണ്ടി തന്നെ ചിലവഴിക്കും.

ഇതെല്ലാം ചെറിയ രീതിയില്‍ ഷൂട്ടിങിനെ ബാധിക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്നതെല്ലാം പൃഥ്വിരാജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ പ്രവൃത്തി കണ്ട് അസ്വസ്ഥനായി അദ്ദേഹം എന്നോട് ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു. നീ എന്താണ് എല്ലാം ഇത്ര ഈസിയായി കാണുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.

എത്ര കഷ്ടപ്പാടിലാണ് സിനിമ ഉണ്ടാകുന്നതെന്നും അതിന്റെ സീരിയസ്‌നെസ്സും അദ്ദേഹം അന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായതും ഞാന്‍ മാറി ചിന്തിച്ചതും. അതിന് ശേഷമാണ് സിനിമയെ സീരിയസായി എടുത്തത്,” ദിവ്യ പിള്ള പറഞ്ഞു.

അതേസമയം, ഷെഫീക്കിന്റെ സന്തോഷം, ജയിലര്‍ എന്നിവയാണ് ദിവ്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകള്‍. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന ലൂയിസിലും ശ്രദ്ധേയമായ വേഷം താരം ചെയ്യുന്നുണ്ട്.

content highlight: actress divya pillai about prithviraj