| Monday, 11th November 2019, 12:21 am

'മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങളെ പോലുള്ള ബോള്‍ഡായ സ്ത്രീകള്‍ മുന്നോട്ടു വരണം'; നിര്‍മാതാവിന്റെ വാക്കുകള്‍ തന്റെ ആശങ്കകള്‍ മാറ്റിയെന്ന് ദിവ്യാ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ അലന്‍സിയര്‍ക്കെതിരെ മീടൂ ഉന്നയിച്ചതുകൊണ്ടു മാത്രം തനിക് സിനിമയില്‍ അവസരങ്ങള്‍ കുറയുമോ എന്ന് ഭയപ്പെട്ടിരുന്നതായി നടി ദിവ്യാ ഗോപിനാഥ്. എന്നാല്‍ തന്റെ പുതിയ ചിത്രത്തിലേക്കുള്ള ക്ഷണം വന്നതുമുതല്‍ തന്റെ ഇത്തരത്തിലുള്ള ആശങ്കകള്‍ മാറിയെന്നും ദിവ്യ പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാതാവായ ആഷിഖ് ഉസ്മാനാണ് ദിവ്യയുടെ പേര് മിഥുന് നിര്‍ദേശിച്ചത്. തുടര്‍ന്ന് എന്തുകൊണ്ട് തന്നെ തെരഞ്ഞെടുത്തു എന്ന് ദിവ്യ ആഷിഖിനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെയായിരുന്നു.

‘എനിക്ക് നിങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല. പക്ഷെ നിങ്ങള്‍ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞും പത്രങ്ങളിലൂടെ വായിച്ചും ഞാന്‍ മനസിലാക്കിയിരുന്നു. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങളെ പോലുള്ള ബോള്‍ഡായ സ്ത്രീകള്‍ മുന്‍പോട്ട് വരണം. അങ്ങനെയാണ് എനിക്ക് തോന്നിയത്.’ ആഷിഖിന്റെ ഈ വാക്കുകളാണ് തന്റെ ആശങ്കകള്‍ മാറ്റിയതെന്നും ദിവ്യ പറഞ്ഞു.

സിനിമാരംഗത്തുള്ള മിക്കവരും തന്നെ ഇപ്പോള്‍ ഏറെ ബഹുമാനത്തോടെ ഒരു അന്തസുള്ള മനുഷ്യജീവിയായി തന്നെ പരിഗണിക്കുന്നു എന്നും ദിവ്യ പറയുന്നു.

അലന്‍സിയറുമായി വീണ്ടും അഭിനയിക്കേണ്ടി വരുമെന്ന ഒരു സാഹചര്യം വന്നപ്പോള്‍ താനൊന്നു മടിച്ചുവെന്നും എന്നാല്‍ സ്വയം ഒരു പ്രൊഫഷണലായി കണ്ടപ്പോള്‍ അതൊരു പ്രശ്‌നമേ ആയില്ലെന്നും ദിവ്യാ ഗോപിനാഥ് പറയുന്നു.

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തുന്ന ‘തുറമുഖം’, കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അഞ്ചാം പാതിര’യുമാണ് ദിവ്യയുടെ അടുത്ത ചിത്രങ്ങള്‍. അഞ്ചാം പാതിരയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ദിവ്യ കൈകാര്യം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more