ഡബ്ബിങ്ങിലൂടെ സിനിമയില്‍ എത്തുകയും പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദിവ്യ എം. നായര്‍. ഭീമന്റെ വഴി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് സിനിമയെ താന്‍ സീരിയസായി കാണാന്‍ തുടങ്ങിയതെന്ന് പറയുകയാണ് ദിവ്യ.
ചിത്രത്തിലെ ഡയലോഗ് പഠിച്ച് അഭിനയിക്കുമ്പോള്‍ തനിക്ക് ഒരുപാട് ടേക്ക് പോവേണ്ടി വന്നുവെന്നും അതിന്റെ പേരില്‍ വഴക്ക് കേട്ടുവെന്നും ദിവ്യ പറഞ്ഞു. പിന്നീടിപ്പോള്‍ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ വിറയലും ടെന്‍ഷനും തനിക്ക് തോന്നാറുണ്ടെന്നും ദിവ്യ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഭീമന്റെ വഴി എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അഭിനയിക്കാനും ക്യാമറക്ക് മുമ്പില്‍ നില്‍ക്കാനൊക്കെ പേടി വന്നു തുടങ്ങിയത്. അതിന് ശേഷം ക്യാമറക്ക് മുമ്പില്‍ നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനും വിറയലും ഒക്കെ വരാന്‍ തുടങ്ങും. കാരണം അതിന് മുമ്പ് സിനിമയെ ഞാന്‍ അത്ര സീരിയസായിട്ട് കാണുന്നില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് എന്തോ ഉത്തരവാദിത്തമുള്ള ഫീലാണ്.
നമ്മുടെ ക്യാരക്ടര്‍ കണ്ടിട്ടാണ് ആളുകള്‍ വിളിക്കുന്നത്. അതുകൊണ്ട് നന്നായി ചെയ്യണമെന്ന തോന്നലാണ്. എന്താണ് കാണിച്ചു വെച്ചിരിക്കുന്നത് ആളുകള്‍ ചോദിക്കാന്‍ പാടില്ലല്ലോ.
ഭീമന്റെ വഴിയില്‍ ഡയലോഗ് പറഞ്ഞ് ഞാന്‍ ഒരുപാട് തെറ്റിച്ചിരുന്നു. അതിന് വേണ്ടി ഒരു അഞ്ച്, എട്ട് ടേക്ക് പോയിട്ടുണ്ട്. ചാക്കോച്ചനാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തോട് എനിക്ക് ഒരു കെമിസ്ട്രി കിട്ടിയിട്ടില്ലായിരുന്നു. ഞാന്‍ തെറ്റിച്ചിട്ട് അങ്ങേര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്നാണ് ഞാന്‍ ചിന്തിച്ചത്. ചിലപ്പോള്‍ തെറ്റിച്ചാല്‍ ചേട്ടന്‍ ചൂടാകുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു.
ഡയലോഗ് തെറ്റിച്ചില്ലെങ്കിലും ഷൂട്ട് ചെയ്തപ്പോള്‍ അവര്‍ക്ക് വേണ്ട ഫ്‌ളോ കിട്ടിയില്ലായിരുന്നു. ടേക്ക്, റീടേക്ക് പറഞ്ഞ് കുറേ സമയം ബുദ്ധിമുട്ടി. അവസാനം എന്റെ അടുത്ത് വന്ന് ദേഷ്യപ്പെട്ടു. നിന്നോടാരാ ഡയലോഗ് പഠിക്കാന്‍ പറഞ്ഞത്. മേലാല്‍ ഇവള്‍ക്ക് സ്‌ക്രിപ്റ്റ് കൊടുത്ത് പോകരുതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അഞ്ച് മിനുട്ട് ബ്രേക്ക് എടുത്ത് ശ്വാസം ഒക്കെ വിട്ട് പിന്നെയും എടുത്തു. അത് ശരിയാക്കിയത്,” ദിവ്യ പറഞ്ഞു.
content highlight: actress divya about bheemante vazhi