ബോളിവുഡില്‍ മധ്യവയസ്‌കരായ നടന്‍മാര്‍ ചെറുപ്പക്കാരുടെ കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് നടി ദിയ മിര്‍സ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം.
യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുള്ളു. നീന ഗുപ്തയെപ്പോലുള്ള നടിമാര്‍ ഇത്തരം പ്രതിസന്ധികള്‍ മറികടന്നാണ് നിലനില്‍ക്കുന്നത്, ദിയ പറഞ്ഞു.
മധ്യവയസ്‌കരായ പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകള്‍ ധാരാളമാണ്. എന്നാല്‍ അതേ പ്രായത്തിലുള്ള സ്ത്രീകളെപ്പറ്റി എഴുതാനോ സിനിമയെടുക്കാനോ ആരും ശ്രമിക്കുന്നില്ല.
അതുപോലെത്തന്നെ മധ്യവയസ്‌കരായ നായകന്‍മാര്‍ അവരേക്കാള്‍ പ്രായം കുറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണാന്‍ തന്നെ ബുദ്ധിമുട്ടാണ്. സൗന്ദര്യമാണ് പ്രശ്‌നം. അതുകൊണ്ടാണ് സൗന്ദര്യമുള്ള മുഖങ്ങള്‍ക്ക് സിനിമയില്‍ ഇത്രയധികം ഡിമാന്റ് -ദിയ പറഞ്ഞു.
ഇക്കാര്യം നീന ഗുപ്തയടക്കമുള്ള ചിലര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. താന്‍ തന്റെ ജോലിയെ സ്‌നേഹിക്കുന്നു. തന്നെ തെരഞ്ഞെടുക്കൂ എന്നവര്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
മധ്യവയസ്‌കരായ നടിമാര്‍ക്ക് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സിനിമകള്‍ കുറവാണ്.അവര്‍ക്കായുള്ള കഥകള്‍ എഴുതാന്‍ ആരും മുന്നോട്ട് വരുന്നില്ല, ദിയ പറഞ്ഞു.
പ്രായംകുറഞ്ഞ നടിമാരോടൊപ്പം മധ്യവയസ്‌കരായ നടന്‍മാര്‍ ചെറുപ്പക്കാരായി അഭിനയിക്കുന്നത് കാണാന്‍ തന്നെ അരോചകമാണെന്നും അവര്‍ പറഞ്ഞു. ഇപ്പോഴും ഈ പ്രതിഭാസം തുടരുകയാണെന്നും അതിനുകാരണം ബോളിവുഡിലെ പുരുഷമേധാവിത്വമാണെന്നും ദിയ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക