| Thursday, 4th February 2021, 11:44 am

'ചെറുപ്പത്തില്‍ സെക്‌സിസവും ഫെമിനിസവുമൊക്കെ എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല'; നടി ദീപ്തി സതി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയായും മോഡലായും തിളങ്ങിനില്‍ക്കുന്ന താരമാണ് ദീപ്തി സതി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും മറാത്തിയിലും തെലുങ്കിലും താരം സജീവമാണ്.

നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്, പുള്ളിക്കാരന്‍ സ്റ്റാറാ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ തുടര്‍ന്ന് താരം അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ നായികാ സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയാണ് ദീപ്തി സതി തന്റെ ആദ്യചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ബോയ്ക്കട്ട് ചെയ്ത മുടിയും വെള്ളമടിച്ച് പൂസാകുന്ന അലമ്പ് നായികയായിട്ടാണ് താരം നീനയിലൂടെ മലയാളികളുടെ മനസിലെത്തിയത്.

നല്ലതല്ല എന്ന് തോന്നുന്നത് അവഗണിക്കുന്നതാണ് മനസ്സമാധാനത്തിന് നല്ലതെന്ന് പറയുകയാണ് ദീപ്തി സതി. ചിലയാളുകള്‍ക്ക് നമ്മള്‍ എന്തുചെയ്താലും അഭിപ്രായം പറഞ്ഞേ പറ്റൂവെന്നും നല്ലതുചെയ്താലും ചീത്ത ചെയ്താലുമൊക്കെ അവര്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നും അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ മുന്നോട്ടുപോകാനാവില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലെ നെഗറ്റിവിറ്റികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു ദീപ്തി സതിയുടെ ഈ മറുപടി.

ബോള്‍ഡ് ആവുകയെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് നമ്മള്‍ നമ്മളായി തന്നെ ജീവിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി. സത്യത്തില്‍ അത് നോര്‍മല്‍ കാര്യമാണ്. പക്ഷേ, ഇന്നത്തെക്കാലത്ത് ആളുകള്‍ അതിനെ ബോള്‍ഡ് എന്നാണ് പറയുന്നത് എന്നും ദീപ്തി സതി പറഞ്ഞു.

ജീവിതത്തില്‍ നേരിടേണ്ടി വന്ന വിവേചനകള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിന് ഒരു പെണ്‍കുട്ടി ജനിക്കുന്നതുമുതല്‍ പല രീതിയിലുള്ള വിവേചനങ്ങള്‍ അവള്‍ക്കുനേരെ ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ പലതും വിവേചനമാണെന്ന് തിരിച്ചറിയുന്നുപോലുമില്ലെന്നും താരം പ്രതികരിച്ചു.

‘ചെറുപ്പത്തില്‍ ഫെമിനിസം സെക്‌സിസം ഒക്കെ എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. ആരും പറഞ്ഞുതന്നിട്ടുമില്ല. ഇന്ന് സ്ഥിതി മാറി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്ര വിവാദങ്ങളാണ് ഉണ്ടായത്. മീ ടൂ പ്രസ്ഥാനമൊക്കെ വലിയ ചര്‍ച്ചയായില്ലേ. വിവേചനങ്ങളെ തിരിച്ചറിയാന്‍ പാകത്തിന് നമുക്ക് അറിവും അവബോധവും കിട്ടുന്നു. ചെറിയൊരു ഉദാഹരം പറയാം. 25 വയസ്സുള്ള ആണ്‍കുട്ടി ജോലിക്കൊന്നും പോകാതെ വെറുതെയിരുന്നാലും ആളുകള്‍ പറയും, അയ്യോ അവന്‍ കുട്ടിയല്ലേ എന്ന് അതേസമയം പെണ്‍കുട്ടിയാണെങ്കിലോ ഇവളെന്താ ഇങ്ങനെ വെറുതെ ഇരിക്കുന്നേ? കല്യാണമായില്ലേ എന്നു തുടങ്ങും ചോദ്യങ്ങള്‍’ ദീപ്തി പറയുന്നു. പെണ്‍കുട്ടികള്‍ സിനിമാമോഹമെന്നൊക്കെ പറഞ്ഞാല്‍ ഇന്നും പലരും നെറ്റിചുളിക്കുമെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Deepti Sati about Sexism and Feminism

We use cookies to give you the best possible experience. Learn more