| Wednesday, 19th October 2022, 11:06 am

ആണും പെണ്ണിലേയും ഇന്റിമേറ്റ് സീന്‍ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് പോലും ഞാനവരോട് ചോദിച്ചില്ല; ആ ടീമില്‍ അത്രയും കംഫര്‍ട്ടബിളായിരുന്നു: ദര്‍ശന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലെ റാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ഹേയുടെ പ്രൊമോഷന്റെ ഭാഗമായി വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ലെന്നും ശരീരത്തെയും ശബ്ദത്തെയും മനസിനെയുമൊക്കെ അഭിനയത്തിന്റെ ടൂളുകള്‍ മാത്രമായാണ് കാണുന്നതെന്നുമാണ് ദര്‍ശന പറയുന്നത്.

ആഷിഖ് അബുവിലും ഷൈജു ഖാലിദിലും ചിത്രത്തിന്റെ മുഴുവന്‍ ടീമിലും വിശ്വാസമുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

”തിയേറ്റര്‍ എന്നെ എല്ലാ രീതിയിലും മോള്‍ഡ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്നെന്താണോ അത് തിയേറ്ററില്‍ നിന്ന് കണ്ടുപിടിച്ചതാണ്.

ശരീരത്തെയും മനസിനെയും ശബ്ദത്തെയും അഭിനയത്തിന്റെ ടൂളായി കണ്ടുതുടങ്ങിയത് തിയേറ്ററില്‍ അഭിനയിച്ചതിന് ശേഷമാണ്. ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയിലായിരിക്കും എന്ന ഐഡിയയൊന്നുമില്ലായിരുന്നു.

ആ സിനിമയുടെ മേക്കേഴ്‌സിനെ എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു. കഥ വായിച്ചപ്പോള്‍, ഓ ഇത് ഇന്ററസ്റ്റിങ്ങാണല്ലോ എന്ന് വിചാരിച്ചു. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നെങ്കിലും അതിനെ കുറിച്ച് ആഷിഖേട്ടനോടോ (ആഷിഖ് അബു) ഷൈജുക്കയോടോ (ഷൈജു ഖാലിദ്) ചോദിച്ചിരുന്നില്ല.

ഷൂട്ടിങ് പ്ലാനിനെ കുറിച്ച് അവരോട് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ.

ആ ഒരു എന്‍വയണ്‍മെന്റില്‍ നിന്ന് വരുന്ന ചെറിയൊരു ടെന്‍ഷനുണ്ടാവും. ഇതൊരു പുതിയ സാധനമാണല്ലോ ചെയ്യുന്നത്, ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ, എന്ന ചെറിയ ടെന്‍ഷന്‍. എനിക്ക് തോന്നുന്നു അത് ടെന്‍ഷനടിക്കണമല്ലോ എന്നാലോചിച്ച് ടെന്‍ഷനടിച്ചതാണെന്ന്.

അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഷൂട്ടിങ്ങില്‍ വളരെ കംഫര്‍ട്ടബിളായിരുന്നു, അല്ലാതെ പ്രത്യേകമായി ഒന്നും തോന്നിയിട്ടില്ല. ഒരു ആക്ടറെന്ന നിലയില്‍ ഇതെന്റെ ജോലിയാണ്.

പക്ഷെ, ലോകത്ത് എല്ലാവരും നോക്കുന്ന രീതി ഒരുപോലെയാവില്ല. വലിയൊരു വിഭാഗമാളുകള്‍ ആ സിനിമയിലൂടെ എന്താണോ ഉദ്ദേശിച്ചത്, അത് മാത്രം കാണുമ്പോള്‍ അപ്പുറത്ത് കുറച്ച് പേര്‍ ഏത് തരത്തിലാണോ കാണാന്‍ പാടില്ലാത്തത്, അങ്ങനെ മാത്രമായിരിക്കും ഇതിനെ കാണുക.

ഇങ്ങനെയൊരു ലോകത്തിലേക്കാണ് ഇത് വരുന്നത് എന്ന കാര്യമൊന്നും അന്ന് എനിക്ക് തോന്നിയിരുന്നില്ല. പ്രൊഫഷണലിസം കാരണം അത് എനിക്ക് വലിയ സംഭവമായി അന്ന് തോന്നിയിരുന്നില്ല.

ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിന്റെ ടൂള്‍ മാത്രമാണ് എന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം കുറേ തിയേറ്റര്‍ കാരണമാണ്.

തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്‌പേസ് അങ്ങനെയായിരുന്നു. ചിലപ്പൊ ചേഞ്ചിങ് റൂം എന്ന വേറെ സ്‌പേസ് തന്നെ ഉണ്ടാവാറില്ല. ചിലപ്പൊ സ്റ്റേജില്‍ നിന്ന് തന്നെയായിരിക്കും ചേഞ്ച് ചെയ്യുക. ഇത്തരം അനുഭവങ്ങളിലൂടെ കുറേ കടന്നുപോയതുകൊണ്ട് ഇതൊന്നും ഒരു വിഷയമായേ എടുക്കാറില്ല.

അഭിനയമാണ് പ്രധാനം, വേറൊന്നുമല്ല എന്ന ലെവലിലേക്ക് എത്തിയതുകൊണ്ടായിരിക്കാം ആ സ്‌പേസിലും ഞാന്‍ കംഫര്‍ട്ടബിളായത്. തുറന്ന് പറയുകയാണെങ്കില്‍ അത് എനിക്ക് വളരെ ലിബറേറ്റിങ്ങായിരുന്നു.

ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ ഒരു സമയമായിരുന്നു ആണും പെണ്ണും ചെയ്ത സമയം,” ദര്‍ശന പറഞ്ഞു.

Content Highlight: Actress Darshana Rajendran talks about intimate scenes from the movie Aanum Pennum

We use cookies to give you the best possible experience. Learn more