സിനിമ നിര്‍ത്തി ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തിരികെ പോയാലോയെന്ന് ആലോചിച്ച സമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നടി ദര്‍ശന രാജേന്ദ്രന്‍. തന്നെപ്പോലെ നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയിലെ മിക്ക ആളുകളും നേരിട്ടിട്ടുണ്ടെന്നും അത് ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറഞ്ഞു.
‘കുറെ പ്രാവശ്യം ജോലിയിലേക്ക് തിരികെ പോയാലോന്ന് ആലോചിച്ചിരുന്നു. അഭിനയം ഒരു ഈസി ജോബല്ല. ജോലി രാജി വെച്ചതുതൊട്ട് ഇന്നുവരെ കുറെ ദിവസം ഒരു പണീമില്ലാതെ ഇരുന്നിട്ടുണ്ട്. ഒരുപാട് കാത്തിരുന്നു. കയ്യിലുള്ള കാശ് തീരുമ്പോള്‍ ജോലിക്ക് തിരിച്ച് പോകുമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. തിരിച്ച് പോകേണ്ടി വരുമല്ലോ എന്നാലോചിച്ചിട്ടുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇവിടെ തന്നെ നിക്കണമെന്ന തോന്നലായിരുന്നു.
മൂന്നാമത്തെ സിനിമ ചെയ്യാന്‍ പോകുന്ന സമയത്ത് എന്നെ അങ്ങനെ ആര്‍ക്കും അറിയില്ല. പക്ഷേ അതൊരു വലിയ പ്രോജക്ടായിരുന്നു. എന്നെ ലീഡ് ചെയ്യാനാണ് വിളിച്ചത്. ഞാന്‍ വളരെ എക്‌സൈറ്റഡായി. എട്ട് മാസത്തോളം അതിന് വേണ്ടി വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ആ സിനിമ നടക്കാതെ പോയി. ആ സമയത്തൊക്കെ എന്തിനായിരുന്നു ഇങ്ങോട്ട് വന്നതെന്ന് തോന്നി.
മനസമാധാനത്തോടെ ജോലി ചെയ്‌തോണ്ടിരുന്ന ആള്‍ എന്തിനാ ഇതില്‍ കൂടിയൊക്കെ പോകുന്നത്, ലാപ്‌ടോപ്പിന്റെ മുമ്പില്‍ വളരെ കംഫര്‍ട്ടബിളായി ഇരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നി. എങ്കിലും ആ ഒരു എക്‌സ്പീരിയന്‍സില്‍ കൂടി പോയത് നന്നായി എന്ന് പിന്നീട് തോന്നി.
സിനിമയുടെ ലോകത്ത് എങ്ങനെ നില്‍ക്കണമെന്ന് എന്നെ പ്രിപ്പയര്‍ ചെയ്തത് ആ സംഭവമാണ്. എനിക്ക് മാത്രമല്ല. എല്ലാവര്‍ക്കും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും വലിയ സിനിമകള്‍ കഴിഞ്ഞ് നമ്മളുദ്ദേശിക്കുന്ന പോലുള്ള സിനിമകള്‍ വരാതെയിരിക്കും. റിജക്ഷന്‍, നിരാശ ഇതെല്ലാം ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. കുറെ വര്‍ക്ക് ചെയ്തിട്ടാണ് ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത്,’ ദര്‍ശന പറഞ്ഞു.
Content Highlight: Actress Darshana Rajendran said that there were times when she thought of stopping the film and going back to the work she was doing