| Wednesday, 26th October 2022, 3:08 pm

ഹൗ ഓള്‍ഡ് ആര്‍ യുവില്‍ പ്രസിഡന്റിനെ കണ്ട് തലചുറ്റി വീണ മഞ്ജു ചേച്ചിയുടെ അവസ്ഥയിലായിരുന്നു ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍: ചിത്ര നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി ചിത്ര നായര്‍. ന്നാ താന്‍ കേസ് കൊടിലെ സുമലത ടീച്ചറെ അത്ര ഗംഭീരമായി ചിത്ര അവതരിപ്പിച്ചിരുന്നു.

ആയിരം കണ്ണുമായ് എന്ന പാട്ട് പാടി സുരേഷേട്ടനെ മയക്കുന്ന സുമലത ടീച്ചറിന്റെ ഓരോ സീനും വലിയ കയ്യടിയോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോഴും സുരേഷന്റേയും സുമതല ടീച്ചറുടേയും കെമിസ്ട്രി ആഘോഷിക്കപ്പെട്ടിരുന്നു.

കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ ചിത്ര ഓഡീഷന്‍ വഴിയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തില്‍ വാര്‍ഡ് മെമ്പറുടെ കഥാപാത്രത്തെയായിരുന്നു ചിത്ര അവതരിപ്പിച്ചത്. ആറാട്ടിലെ കഥാപാത്രം തന്നെ തേടിയെത്തിയതിനെ കുറിച്ചും ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോഴുണ്ടായ അവസ്ഥയെ കുറിച്ചുമൊക്കെ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിത്ര.

‘ മറ്റൊരു സിനിമയുടെ ഭാഗമായി പാലക്കാട് പോയപ്പോഴായിരുന്നു അവിടെ ആറാട്ടിലെ ഒറ്റ സീനിലേക്ക് അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് അറിയുന്നത്. ഓഡീഷന് പങ്കെടുത്തപ്പോള്‍ കിട്ടി. പഞ്ചായത്ത് മെമ്പറുടെ വേഷമായിരുന്നു. ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍. ഡയലോഗ് ഒന്നുമില്ലെങ്കിലും എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരിടത്തുനിന്ന് വരുന്ന എനിക്ക്, നമ്മള്‍ ചെറുപ്പം മുതല്‍ കാണുന്ന താരങ്ങളെ നേരിട്ട് കാണുക എന്നത് തന്നെ അത്ഭുതമായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജു ചേച്ചിയുടെ കഥാപാത്രം പ്രസിഡന്റിനെ നേരിട്ടുകാണുമ്പോള്‍ തലകറങ്ങി വീണ പോലെയുള്ള ഒരു അവസ്ഥയായിരുന്നു എനിക്ക് ലാലേട്ടനെ കണ്ടപ്പോള്‍ ഉണ്ടായത്,’ ചിത്ര പറഞ്ഞു.

പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ഞാന്‍ കൊവിഡ് കാലത്താണ് ജോലി വിട്ടത്. അതിന് ശേഷമാണ് ഓഡീഷനുകളിലേക്ക് ഫോട്ടോ അയച്ചു തുടങ്ങുന്നത്. അങ്ങനെയാണ് ആറാട്ടിലും ജന ഗണ മനയിലുമെല്ലാം അഭിനയിക്കുന്നത്. കൂടാതെ ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. അപ്പോഴാണ് എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന് ഞാനും എന്റെ കൂടെയുള്ളവരും തിരിച്ചറിയുന്നത്.

ചെറുപ്പം മുതല്‍ ഡാന്‍സ് ഒപ്പമുണ്ട്. ചെറിയ രീതിയിലുള്ള ഒരു ഡാന്‍സ് ട്രൂപ്പുണ്ട്. നാട്ടിലെ ചെറിയ പരിപാടികള്‍ക്കെല്ലാം ഞങ്ങളുടെ ഡാന്‍സ് കാണും. ഞാന്‍ ഒരു നര്‍ത്തകിയായി അറിയപ്പെടും എന്നായിരുന്നു ചിന്തിച്ചിരുന്നത്. അതിനിടയില്‍ വന്ന മറ്റൊരു ഭാഗ്യമാണ് സിനിമ, ചിത്ര പറയുന്നു.

Content Highlight: Actress Chithra about Mohanlal and her first movie with him

We use cookies to give you the best possible experience. Learn more