| Thursday, 27th January 2022, 4:18 pm

ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോള്‍ ആളുകള്‍ ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്മിങ്: ചിന്നു ചാന്ദ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ചാണ് ചിന്നു ചാന്ദ്‌നി എന്ന താരം മലയാളം സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുത്തത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ജാസുവും തമാശയിലെ ചിന്നുവും ഭീമന്റെ വഴിയിലെ അഞ്ജുവുമെല്ലാം ചിന്നുവിന്റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു.

തമാശയിലെ ചിന്നുവില്‍ നിന്നും ഭീമന്റെ വഴിയിലെ അഞ്ജുവിലേക്ക് രണ്ടു വര്‍ഷത്തെ ദൂരം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഭീമന്റെ വഴി റിലീസാകാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നെന്നും ചിന്നു ചാന്ദ്‌നി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അനുരാഗക്കരിക്കിന്‍ വെള്ളത്തിലെ ജാസുവിനോടും തമാശയിലെ ചിന്നുവിനോടും ആളുകള്‍ക്ക് സ്‌നേഹമുണ്ട്. തമാശയുടെ വലിയ വിജയം ജീവിതം തന്നെ മാറ്റി. ഭീമന്റെ വഴിയില്‍ നിന്നും അതുപോലെ തന്നെ സ്‌നേഹം ലഭിച്ചു. അത്തരത്തില്‍ നോക്കുമ്പോള്‍ തന്റെ കഥാപാത്രങ്ങളെല്ലാം പൊളിയല്ലേയെന്നും താരം ചോദിക്കുന്നു.

‘എന്റെ സിനിമകള്‍ കണ്ടവരില്‍ ഒരാളുപോലും വണ്ണം കുറച്ച് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോള്‍ ആളുകള്‍ ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്മിങ്. സിനിമയില്‍ അഭിനയിച്ച ശേഷം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടില്ല. മറിച്ച് സിനിമ കണ്ടവരുടെ സ്‌നേഹം ലഭിച്ചു. കാണാത്തവര്‍ എന്തായിരിക്കും പറയുന്നതെന്ന് അറിയില്ല. എന്റെ സാന്നിധ്യമില്ലാത്തിടത്തും എന്റെ കഥാപാത്രത്തെ കുറിച്ചും എന്നെ കുറിച്ചും നല്ലത് പറഞ്ഞു എന്നേ കേട്ടിട്ടുള്ളൂ,’ ചിന്നു ചാന്ദ്‌നി പറയുന്നു.

പലര്‍ക്കും അറിയില്ലെങ്കിലും ഒരു ബോക്‌സിന്‍ ചാമ്പ്യന്‍ കൂടിയാണ് ചിന്നു ചാന്ദ്‌നി. ബോക്‌സിങ്ങിന്റെ സംസ്ഥാന ചാമ്പ്യനായിരുന്നു. പ്രശസ്ത ബോക്‌സിങ് പരിശീലകന്‍ പ്രേംനാഥ് സാറിന്റെ ശിഷ്യ. ‘മോഹന്‍ലാല്‍ സാറിന്റെ കോച്ചാണ് അദ്ദേഹം. കരാട്ടെയും കളരിയും എല്ലാം പഠിച്ചിട്ടുണ്ട്. ഭീമന്റെ വഴിയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ജൂഡോ പരിശീലകയുടെ ശരീരഭാഷ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ട്. എന്നെത്തന്നെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞു എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവര്‍ പറഞ്ഞത്’, ചിന്നു ചാന്ദ്‌നി പറയുന്നു.

Content Highlight: Actress Chinnu Chadni About Her Movies And Characters and Body Shaming

We use cookies to give you the best possible experience. Learn more