ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് ശേഷം ജീവിച്ചിരിക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നെന്ന് നടി ചാര്‍മിള. യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്.
എന്നാല്‍, യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നത്. ഉഷാറാണി വീട്ടില്‍ വന്നപ്പോള്‍ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില്‍ പെട്ടെന്നു എത്തിക്കാന്‍ സാധിച്ചത്. അവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാര്‍മിള പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിക്കിടെയായിരുന്നു ചാര്‍മിളയുടെ പരാമര്‍ശം.
ബാബു ആന്റണിയുമായുള്ള പ്രണയത്തിലും വിവാഹത്തിലും അച്ഛന് താത്പര്യമുണ്ടായിരുന്നില്ല. അച്ഛനു സത്യത്തില്‍ ബാബുവിനോടു വെറുപ്പായിരുന്നു. എന്നേക്കാള്‍ പ്രായമുണ്ടെന്നതായിരുന്നു അച്ഛന്റെ എതിര്‍പ്പിനുള്ള ഒരു കാരണം. മറ്റെന്തോ ഒരു കാരണവും ഉണ്ടായിരുന്നു. പള്ളിയിലൊന്നും പോകാറില്ലായിരുന്ന ബാബു അക്കാലത്ത് പള്ളിയിലൊക്കെ പോകാന്‍ തുടങ്ങി. നല്ല മാറ്റത്തിന്റെ സമയമായിരുന്നു അത്.
ആ സമയത്താണ് അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ പോയി വന്നു വിവാഹം ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ആള്‍ തിരിച്ചുവന്നില്ല- ചാര്‍മിള പറയുന്നു.
ഈ മനോവിഷമത്തില്‍ ഇരിക്കുന്ന സമയത്താണ് സീരിയല്‍ താരം കിഷോര്‍ സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണ്.- ചാര്‍മിള പറയുന്നു.
രണ്ടു ബന്ധങ്ങള്‍ തകര്‍ന്നിട്ടും താന്‍ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, പിന്നീട് രാജേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോള്‍ തന്റെ എല്ലാം. എന്നാല്‍ രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ലെന്നും ചാര്‍മിള പറയുന്നു.