| Friday, 21st July 2023, 11:39 pm

സിനിമയിൽ കെട്ടിപ്പിടിച്ചഭിനയിക്കണം, അതുകൊണ്ട് ഞാൻ സിനിമയെ പ്രൊഫഷണൽ ആയിട്ട് കണ്ടില്ല: ചഞ്ചൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹ അഭിനേതാക്കളുടെ കൂടെ അടുത്തിടപഴകി അഭിനയിക്കേണ്ടി വരുന്നതുകൊണ്ടാണ് പിന്നീട് സിനിമകൾ ചെയ്യാതിരുന്നതെന്ന് നടി ചഞ്ചൽ. സിനിമയിൽ അഭിനയിക്കുമ്പോൾ കൂടുതൽ കാലം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത് താൻ സിനിമയിൽ അഭിനയിക്കാത്തതിന് ഒരു കാരണമാണെന്നും കൂടുതൽ അവസരങ്ങൾ മുൻപ് ലഭിച്ചിരുന്നെന്നും ചഞ്ചൽ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചഞ്ചൽ.

‘പണ്ടുമുതൽക്കേ സിനിമ ഒരു കരിയറായി കൊണ്ടുവരാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ധാരാളം അവസരങ്ങൾ കിട്ടിയിരുന്നു. ലോഹിത ദാസ് സാറിന്റെ ചിത്രത്തിൽ അവസരം കിട്ടിയിരുന്നു, പിന്നീട് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചു. അതിൽ രണ്ട് ഭംഗിയുള്ള ഡാൻസ് സീക്വൻസ് ആണ് ഉണ്ടായിരുന്നത്.

പിന്നീട് ധാരാളം സിനിമകൾ എനിക്ക് വന്നിരുന്നു. സിനിമകൾ ചെയ്യുന്നത് ഒട്ടും കംഫർട്ടബിൾ ആയി തോന്നിയിരുന്നില്ല. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ പ്രൊഫഷണൽ ആയിട്ട് നിൽക്കേണ്ടി വരും. സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കേണ്ടി വരും, കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കണം. അതിൽ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല. അതുകൊണ്ടാണ് ഞാൻ സിനിമയെ പ്രൊഫഷണൽ ആയിട്ടെടുക്കാതിരുന്നത്.

സിനിമയിൽ അഭിനയിക്കുമ്പോൾ അത് ദീർഘ കാലത്തേക്കുള്ള കമ്മിറ്റ്മെന്റ് ആയി തോന്നിയിട്ടുണ്ട്. ചിലപ്പോൾ മാസങ്ങളോളം അതിനുവേണ്ടി നിൽക്കേണ്ടി വരും. അത്രയും കാലം വീട്ടിൽ നിന്ന് മാറി നിൽക്കാൻ എന്നെക്കൊണ്ടാകില്ല. അതുകൊണ്ടാണ് ഞാൻ പിന്നീട് വന്ന സിനിമകൾ ഒക്കെ ഒഴിവാക്കി വിട്ടത്. മറ്റ് ഭാഷകളിൽ നിന്നൊക്കെ അവസരങ്ങൾ വന്നിരുന്നു. ധാരാളം യക്ഷി കഥാപാത്രങ്ങളും അതിൽ ഉണ്ടായിരുന്നു. നല്ലൊരു യക്ഷി ഞാൻ ചെയ്തിട്ടുണ്ട് അത് മതി എന്ന് തീരുമാനിച്ചു,’ ചഞ്ചൽ പറഞ്ഞു.

അഭിമുഖത്തിൽ എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലെ കുഞ്ഞാത്തോൽ എന്ന കഥാപാത്രത്തെപ്പറ്റിയും ചഞ്ചൽ സംസാരിച്ചു. ആ കഥാപാത്രം കാണുമ്പോൾ ജീവിതത്തിലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച്‌ പോകുമെന്നും ചഞ്ചൽ പറഞ്ഞു.

‘തികച്ചും യാദൃശ്ചികമായിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. ഞാൻ മോഡലിങ് ചെയ്തുകൊണ്ടിരുന്നപ്പോഴുള്ള ചിത്രം കണ്ടിട്ടാണ് എന്നെ പ്രൊഡ്യൂസറിന്റെ ഓഫീസിൽ നിന്നും വിളിച്ചത്. അപ്പോൾ ചിത്രത്തിൻറെ ഷൂട്ടിങ് തുടങ്ങി കുറെ ആയിരുന്നു.

അവർ യക്ഷി കഥാപാത്രമെന്ന് പറഞ്ഞപ്പോൾ വളരെ ഭീകരമായ യക്ഷി കഥാപാത്രം ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഈ ചിത്രത്തിലെ യക്ഷി അങ്ങനെയൊന്നുമല്ല, കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു. കുഞ്ഞാത്തോൽ എന്ന കഥാപാത്രത്തോടുള്ള ഇഷ്ടമാണ് എന്നോട് ആളുകൾക്ക് ഇപ്പോഴും ഉള്ളത്.

എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന കഥാപാത്രമായിരുന്നു കുഞ്ഞാത്തോലിന്റേത്. നമ്മുടെ ജീവിതത്തിലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച്‌ പോകുന്ന കഥാപാത്രമാണത്.

എം.ടി. സാറിന്റെ ചിത്രത്തിൽ ഒരു ചെറിയ റോളിനുവേണ്ടി കാത്തിരിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്. അങ്ങനെ ഒരാളുടെ ചിത്രത്തിൽ എന്നെ ഇങ്ങോട്ട് തിരക്കി വരുക എന്നുള്ളത് വലിയ കാര്യമാണ്. അതെന്റെ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്,’ ചഞ്ചൽ പറഞ്ഞു.

Content Highlights: Actress Chanchal on Ennu Swantham Janakikutty

We use cookies to give you the best possible experience. Learn more