| Thursday, 19th May 2022, 4:05 pm

നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്.

കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നും എസ്. ശ്രീജിത്ത് ഐ.പി.എസ് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസന്വേഷണത്തില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹരജിയില്‍ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.

ഈ ഹരജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു.

ഇന്ന് പ്രോസിക്യൂഷന്‍ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹരജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചാരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ദിലിപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ മുംബെയില്‍ പോയതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലേ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നല്‍കി.

Content Highlights:  actress Case Sheikh Darwesh Sahib, head of the crime branch, is in charge of the investigation

We use cookies to give you the best possible experience. Learn more