മമ്മൂട്ടി, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ നിസാം ബഷീര്‍ ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയെക്കാള്‍ ബിന്ദു പണിക്കരുടെ പ്രകടനവും പ്രേക്ഷക പ്രീതി നേടുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരുമിച്ചഭിനയിച്ച വാത്സല്യം എന്ന സിനിമയില്‍ നിന്നുള്ള ഒരു ഓര്‍മ പങ്കുവെക്കുകയാണ് റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍.
മമ്മൂക്കയെ ആദ്യമായി വാത്സല്യത്തിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ പേടിയുണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”ആ പ്രായത്തില്‍ ഉണ്ടായിരുന്നിരിക്കും. എല്ലാം പേടിയായിരുന്നു, അഭിനയിക്കുന്നതൊക്കെ, ഇത് ശരിയാകുമോ എന്ന ടെന്‍ഷന്‍.
വാത്സല്യത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്നിട്ട് അധികമായിട്ടില്ല, എന്റെ മൂന്നാമത്തെ സിനിമയായിരുന്നു എന്ന് തോന്നുന്നു. അത്രയും ആര്‍ടിസ്റ്റുകളുടെ ഒരു കോമ്പിനേഷനായിരുന്നു. ഗീത ചേച്ചി, കവിയൂര്‍ പൊന്നമ്മ ചേച്ചി, മമ്മൂക്ക എല്ലാവരും.
അന്നത്തെ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഒരു ദിവസം ഷൂട്ടിന് എല്ലാവര്‍ക്കും ഡ്രസ് ചേഞ്ചിന് സമയം കൊടുത്തു. എല്ലാവരും ഡ്രസ് മാറാന്‍ പോയി. ഞാന്‍ മാത്രം എനിക്ക് കിട്ടിയ ഡ്രസും പിടിച്ച് അവിടെ നിന്നു. കാരണം ഇവരെല്ലാവരും ഡ്രസ് ചെയ്ത് പോയിട്ട് വേണം എനിക്ക് ഡ്രസ് ചെയ്യാന്‍.
അങ്ങനെ എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സൗകര്യമായി കതകടച്ചിരുന്ന് ഡ്രസ് ചെയ്തു. അത് കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ മൊത്തം സൈലന്‍സ്. ആരും അവിടെ ഇല്ല.
ഞാന്‍ മെല്ലെ പുറത്ത് പോയി നോക്കിയപ്പോള്‍ മമ്മൂക്കയടക്കം എല്ലാവരും എന്നെ നോക്കിനില്‍ക്കുകയായിരുന്നു. കാരണം അവര് എന്നെ കാത്തിരിക്കുകയായിരുന്നു ഷൂട്ട് ചെയ്യാന്‍. ഇങ്ങനെ ഒരാള്‍ വരാതിരുന്നാല്‍ സീന്‍ നടക്കില്ല എന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു.
എന്റെ ഉള്ള് കിടുകിടാ നിന്ന് വിറക്കുന്നുണ്ടായിരുന്നു. എനിക്ക് തോന്നുന്നു അവര്‍ക്ക് എന്റെ അവസ്ഥ മനസിലായി എന്ന്. അതുകൊണ്ട് ആരും എന്നെ ഒന്നും പറഞ്ഞില്ല. മോളേ, ഡ്രസ് ചേഞ്ച് ചെയ്യണം എന്ന് പറയുമ്പോള്‍ എല്ലാവരും ഡ്രസ് ചേഞ്ച് ചെയ്യണം. മമ്മൂക്കയൊക്കെ വെയിറ്റ് ചെയ്തിരിക്കുകയല്ലേ, എന്ന് ഗീത ചേച്ചി വന്ന് പറഞ്ഞു.
അങ്ങനെയാണല്ലോ നമ്മള്‍ ഓരോന്ന് പഠിക്കുക. അപ്പൊ പോലും മമ്മൂക്ക ഒന്നും പറയുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല,” ബിന്ദു പണിക്കര്‍ പറഞ്ഞു.
Content Highlight: Actress Bindu Panicker shares an old experience with Mammootty