| Friday, 7th October 2022, 9:53 am

പോടി ബ്രിട്ടീഷുകാരിയെന്ന് ജഗതിച്ചേട്ടന്‍ കയ്യില്‍ നിന്നെടുത്തിട്ടതാണ്; ഹിറ്റ് സീനിനെക്കുറിച്ച് ബിന്ദു പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ബിന്ദുവിന് സാധിച്ചിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഇന്ദുമതിയെന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല.

1998ല്‍ ഇറങ്ങിയ ചിത്രത്തിന് ഇന്നും പുതുമയുണ്ട്. ചിത്രത്തിലെ ഒരു ഹിറ്റ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

”ആ കഥാപാത്രത്തിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമെയുള്ളു. സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കും. പറയാനും അറിയില്ല, പറയുന്നത് മൊത്തം പൊട്ടത്തരവുമായിരിക്കും, അങ്ങനെയൊരു കഥാപാത്രമാണ് ഇന്ദുമതി.

ഓരോന്നും അതിനനുസരിച്ച് ഞാന്‍ പറഞ്ഞതാണ്. കൂടെ അഭിനയിച്ചതെല്ലാം വലിയ ആര്‍ട്ടിസ്റ്റുകളായിരുന്നു. ജഗദിചേട്ടനെയായിരുന്നല്ലോ എനിക്ക് പെയറായി കിട്ടിയത്. അങ്ങനെയെല്ലാം സംഭവിച്ചു പോയതാണ്. ഓരോ സീനും എല്ലാവരുടെയും കൂട്ടായ്മയില്‍ എടുത്തതാണ്.

സത്യം പറഞ്ഞാല്‍ സിനിമ റിലീസായപ്പോള്‍ അങ്ങനെ അധികം ഓടിയില്ല. കുറേ കാലം കഴിഞ്ഞ് ടി.വിയിലൊക്കെ വന്നപ്പോഴാണ് ഒരുപാടുപേര് കണ്ട് അതിന്റെ ഫാന്‍സായത്. ഇപ്പോഴും കുട്ടികളെല്ലാം കണ്ടിരിക്കുന്നുണ്ട് സിനിമ.

സ്‌ക്രിപ്റ്റില്‍ ഉള്ളതല്ലാതെ കയ്യില്‍ നിന്നെടുത്ത് പറഞ്ഞ കുറേ സീനുകള്‍ സിനിമയിലുണ്ടായിരുന്നു. പറയുന്നതിലായാലും ആക്ഷന്‍സായാലും സംഭവിച്ച് പോകുക എന്ന് പറയില്ലെ അതുപോലെ ചിലതുണ്ട്. ജഗതിച്ചേട്ടന്‍ റൂമില്‍ നിന്ന് പിടിച്ച് പുറത്താക്കുന്ന സീനില്‍ പോടി ബ്രിട്ടീഷുകാരിയെന്ന് പറയുന്നതൊക്കെ അദ്ദേഹം പറഞ്ഞുപോയതാണ്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പലരുടെയും ഭാഗത്ത് നിന്നു സംഭവിച്ചു പോയിട്ടുണ്ട്.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ശ്രീകൃഷ്ണപുരത്തെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഒരു ദിവസം ലേറ്റായി. ഞാന്‍ കാണുന്നത് ലളിതചേച്ചിയും കലചേച്ചിയും നഗ്മയെ കാണാന്‍ പേകുന്ന സീന്‍ എടുക്കുകയാണ്. വീടിന്റെ ഉമ്മറത്ത് ചെന്ന് ഞാന്‍ ചോദിച്ചു ഇതെന്താണെന്ന്. അതുകോമഡിയാണെന്ന് അവരെന്നോട് പറഞ്ഞു. എനിക്ക് കോമഡി ചെയ്യാനൊന്നും അറിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.

നമ്മളെല്ലാം കണ്ട കോമഡി ജഗദിച്ചേട്ടന്റെയും കല്‍പ്പനചേച്ചിയുടെയുമൊക്കെയാണ്. പിന്നെ ഞാന്‍ കേട്ടിട്ടുള്ളത് കൂടുതലും അവര്‍ കയ്യില്‍ നിന്ന് എടുത്ത് പറയുന്നതാണെന്നാണ്. അതൊന്നും എനിക്കറിയില്ലായിരുന്നു. പിന്നെ എന്റെ ക്യാരക്ടര്‍ വെച്ചിട്ടും കോമഡിചെയ്യാനല്ലായിരുന്നു എനിക്ക് ഇഷ്ടം. സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു എനിക്ക് ഇഷ്ടം.

സെറ്റില്‍ വെച്ച് രാജസേനന്‍ സാര്‍ അടുത്ത് വന്ന് ചോദിച്ചു, ബിന്ദു കോമഡി ചെയ്യില്ലെന്ന് പറഞ്ഞിരുന്നോയെന്ന്. ഇത് കോമഡിയല്ല സിക്രിപ്റ്റിലുള്ളതാണെന്നും അതുപോലെ പറഞ്ഞാല്‍ മതിയെന്നും എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അതില്‍ അഭിനയിച്ചത്,” ബിന്ദു പണിക്കര്‍ പറഞ്ഞു.

Content Highlight: Actress Bindu Panicker on the hit scene in the movie Sreekrishnapurathe nakshathrathilakkam 

We use cookies to give you the best possible experience. Learn more