2001ല്‍ എ.കെ. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് സൂത്രധാരന്‍. അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ റോളിലായിരുന്നു ചിത്രത്തില്‍ ബിന്ദു പണിക്കര്‍ എത്തിയത്. ബിന്ദു പണിക്കറിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ കഥാപാത്രമാണ് ദേവൂമ്മയെന്നാണ് വിക്കിപീഡിയയിലുള്ളത്.
എന്നാല്‍ ഇത് തെറ്റിദ്ധാരണയാണെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.
തനിക്ക് ഏഷ്യനെറ്റ് അവാര്‍ഡാണ് ലഭിച്ചതെന്നും മേക്കപ്പ് കൂടിപ്പോയത് കൊണ്ടാണ് ആ കഥാപാത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടാതെ പോയതെന്ന് പിന്നീട് പലരും പറഞ്ഞുവെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയനല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സൂത്രധാരനില്‍ അഭിനയിച്ചതിന് എനിക്ക് രണ്ടാമത്തെ മികച്ച നടിക്കുളള അവാര്‍ഡ് കിട്ടിയെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. എനിക്ക് ശരിക്ക് ഏഷ്യനെറ്റ് അവാര്‍ഡാണ് ലഭിച്ചത്. സ്റ്റേറ്റ് അവാര്‍ഡ് എനിക്ക് ലഭിച്ചിട്ടില്ല. വിക്കിപീഡിയയിലൊക്കെ അങ്ങനെയാണ് കിടക്കുന്നത്.
ആരൊക്കെയോ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു എനിക്ക് കിട്ടേണ്ടതായിരുന്നുവെന്ന്. പിന്നെ എന്തോ മേക്കപ്പ് കൂടി പോയതുകൊണ്ടാണെന്നാണ് അറിഞ്ഞത്. സൂത്രധാരനില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ അങ്ങനെയൊരു കഥാപാത്രം വരുന്നുണ്ടെന്ന് എന്നോട് പറഞ്ഞത് ഹനീഫിക്കയാണ്.
ബിന്ദു നല്ല സിനിമ വരുന്നുണ്ടെന്നും ഏതൊ ഒരു മൂവിയില്‍ ആക്ട്രസ് രേഖ അതുപോലെയൊരു കഥാപാത്രം ചെയ്തിട്ടുണ്ടെന്നും ഹനീഫിക്ക എന്നോട് പറഞ്ഞു. എന്താണെന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു.
പിന്നീട് എന്നെ വിളിക്കുന്നത് ബ്ലസി ചേട്ടനാണ്. നീ തടി വെച്ചിട്ടുണ്ടോയെന്നാണ് ആദ്യം ചോദിച്ചത്. ഞാന്‍ വിചാരിച്ചു തടി കൂടിയത് കൊണ്ട് ഇനി അഭിനയിപ്പിക്കില്ലെന്നാണ്. എന്നാല്‍ അത് സാരമില്ലെന്നാണ് എന്നോട് പറഞ്ഞത്.
അവിടെ ചെന്നപ്പോള്‍ എന്നോട് പറഞ്ഞത് പത്ത് ദിവസം ഉണ്ട് അതിനുളളില്‍ മാക്‌സിമം കഴിച്ചിട്ട് തടി വെക്കാന്‍ നോക്കണമെന്നാണ്. അങ്ങനെയായിരുന്നു ആ വേഷം,” ബിന്ദു പണിക്കര്‍ പറഞ്ഞു.
content highlight: Actress bindu panicker about soothradharan movie