| Friday, 16th December 2022, 11:03 pm

കടന്നല്‍കൂട്ടം ഇളകിവരുന്നത് പോലെയായിരുന്നു അത്, കല്‍പ്പന ചേച്ചിയാണ് അന്ന് രക്ഷിച്ചത്: ബിന്ദു പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലാണ് ബിന്ദു പണിക്കര്‍ ആദ്യമായി കോമഡി റോള്‍ അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം താന്‍ ഗള്‍ഫില്‍ വെച്ച് നടന്ന ഒരു പരിപാടിക്ക് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

തനിക്ക് ചുറ്റും കടന്നല്‍ കൂട്ടത്തെ പോലെ ആളുകള്‍ ഓടിക്കൂടിയെന്നും അത്തരം അനുഭവം ആദ്യമായിട്ടായത് കൊണ്ട് പേടിയായെന്നും ബിന്ദു പറഞ്ഞു. കൂടെ വന്ന കല്‍പ്പനയാണ് അന്ന് തന്നെ രക്ഷിച്ചതെന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിന്ദു ഇക്കാര്യങ്ങല്‍ പറഞ്ഞത്.

”ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമക്ക് ശേഷമാണ് ഞാന്‍ ആദ്യമായിട്ട് ഗള്‍ഫില്‍ ഷോയ്ക്ക് പോകുന്നത്. ഗള്‍ഫില്‍ ചെന്നിറങ്ങി ഒരുപാട് ആളുകള്‍ ബൊക്കയൊക്കെ തന്ന് സ്വീകരിച്ചു. അത് കണ്ടതെ എനിക്ക് ഓര്‍മയുള്ളു. പിന്നെ ഒരു കടന്നല്‍ കൂട്ടത്തെ പോലെയായിരുന്നു ആളുകള്‍ വന്നത്.

എനിക്ക് കൂടുതല്‍ ആളുകളെ കാണുമ്പോള്‍ എന്തോ ഒരു ഭയം പോലെയാണ്. ഞാന്‍ വേഗം മാറി നിന്നു. കല്‍പ്പന ചേച്ചിയൊക്കെ ഉണ്ടായിരുന്നു ആ ഷോയ്ക്ക്. ഞാന്‍ ഒതുങ്ങി മാറി നിന്നപ്പോള്‍ അതെന്താ അവര്‍ മാറി നില്‍ക്കുന്നതെന്ന് എല്ലാവരും ചോദിക്കാന്‍ തുടങ്ങി.

അത്രയും ആളുകള്‍ ഇരച്ച് കേറി വരുന്നത് എന്റെ ആദ്യത്തെ അനുഭവമാണ്. അവരൊക്കെ ശ്രീകൃഷ്ണപുരത്തെ എന്ന ആ സിനിമ കണ്ടിട്ടാണ് എന്നെ കാണാന്‍ വരുന്നത്. ഭര്‍ത്താക്കന്മാരൊക്കെ എന്റെ വലിയ ഫാന്‍സാണെന്ന് സ്ത്രീകളൊക്കെ അടുത്തേക്ക് വന്ന് പറയും.

അതിനെ വിട്ടേക്ക് വല്ലതും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിച്ചോളുവെന്ന് കല്‍പ്പന ചേച്ചി എന്റെ അവസ്ഥ കണ്ടിട്ട് അവരോട് പറയും. ചേച്ചിയാണ് അതില്‍ നിന്നൊക്കെ എന്നെ രക്ഷിച്ചത്,” ബിന്ദു പണിക്കര്‍ പറഞ്ഞു.

content highlight: actress bindu panicker about her first gulf show experience

We use cookies to give you the best possible experience. Learn more