അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഭാവന.
മലയാള സിനിമയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും പഴയതുപോലെ തന്നെ ലൊക്കേഷനൊക്കെ ഒരു ഫാമിലി പോലെയാണെന്നും ഭാവന പറഞ്ഞു. ഈ സിനിമയില്‍ നിര്‍മാതാക്കളും സംവിധായകനുമടക്കം എല്ലാവരും പുതിയ ആളുകളാണെന്നും അതുകൊണ്ട് തന്നെ ആളുകളെ തിരിച്ചറിയാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും താരം വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നുപറയുന്നത് ശരിക്കും എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. നമ്മള്‍ ഒരു ഫാമിലി പോലെയാണ് അവിടെ കഴിയുന്നത്. അതായത് ആര്‍ട്ടിസ്റ്റ് വേറെ ടെക്‌നീഷ്യന്‍സ് വേറെ അങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും ഇവിടെയില്ല. മലയാളം എപ്പോഴും ഒരു ഫണ്‍ വര്‍ക്കിങ് സ്‌പേസാണ്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ച് വരുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു.
ഞാന്‍ സിനിമയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരു വിധം എല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. സിനിമയുടെ നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിങ്ങനെ എല്ലാവരുടെയും ആദ്യത്തെ സിനിമയായിരുന്നു. എനിക്ക് പരിചയമില്ലാത്ത ആള്‍ക്കാരായിരുന്നു കൂടുതലുണ്ടായിരുന്നത്. എന്റെ ഫ്രണ്ട് ഷനീം എപ്പോഴും കൂടെ കാണും. ആളോട് ഞാന്‍ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും ഇതാരാ അതാരാ എന്നൊക്കെ.
വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ കാര്യം, മലയാള സിനിമ ഇപ്പോഴും പഴയതുപോലെ തന്നെയാണ്. ലൊക്കേഷന്‍ എപ്പോഴും ഫണ്ണായിരിക്കും. അവിടെ ടെന്‍ഷനും കാര്യങ്ങളും കാണില്ല, ആരും എയര്‍ പിടിച്ചിരിക്കാറില്ല. അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര രസമായിട്ട് തന്നെയാണ് തോന്നിയത്,’ ഭാവന പറഞ്ഞു.
content highlight: actress bhavana talks about her new movie