|

നരനില്‍ ഓടി വന്ന് മലയുടെ മുകളില്‍ നിന്ന് ചാടുന്ന രംഗത്തില്‍ എന്റെ ഓട്ടം കണ്ട് പേടിച്ച് ജോഷി സാര്‍ കട്ട് വിളിച്ചു; രസകരമായ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നരന്‍ ചിത്രത്തിലെ രസകരമായ ഷൂട്ടിങ് അനുഭവം ഫ്‌ളേവേര്‍സ് ഒരുകോടിയോട് പങ്കുവെക്കുകയാണ് ഭാവന ഇപ്പോള്‍.

‘ ജോഷി സാറിന്റെ നരന്‍ എന്ന സിനിമയില്‍ എനിക്ക് നല്ലൊരു കഥാപാത്രത്തെ ലഭിച്ചിരുന്നു. വലിയൊരു സ്റ്റാര്‍ കാസ്റ്റ് ഉള്ള മൂവിയായിരുന്നു നരന്‍. എന്റെ കഥാപാത്രത്തിന്റെ പേര് ലീല എന്നായിരുന്നു.

കഥ കേള്‍ക്കുമ്പോള്‍ തന്നെ ഭയങ്കര താല്പര്യമായിരുന്നു. ഈ കഥാപാത്രം എപ്പോഴും വീഴുമായിരുന്നു. നടക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വീഴുന്നതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത. അത് എനിക്ക് ഭയങ്കര ഫണ്ണിയായിട്ട് തോന്നി.

അവിടെ നിന്ന് ഇവിടേക്ക് നടന്ന് വരുമ്പോള്‍ ഒന്ന് വീഴണമെന്നായിരുന്നു ജോഷി സാര്‍ സീന്‍സ് പറഞ്ഞ് തരുക. വീഴാന്‍ പോവുകയാണെന്ന് പറഞ്ഞ് വീഴുമ്പോള്‍ നമ്മുടെ ബോഡിലാന്‍ഗ്വേജ് അങ്ങനെ മാറണം.

അതായത് പരിക്ക് പറ്റരുത് എന്ന് കരുതി വീഴരുത്. സിനിമയില്‍ ഒരു ചാല് ചാടി കടക്കുന്ന സീന്‍ ഉണ്ട്. അതിലൊക്കെ ഞാന്‍ കുറേ തവണ വീണിട്ടുണ്ട്. കാരണം ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്‌നങ്ങള്‍ കൊണ്ട് വീണ്ടും വീണ്ടും ഷോട്ട് എടുക്കണ്ടി വരും.

അതുകൊണ്ട് ഞാന്‍ വീണു കൊണ്ടേ ഇരിക്കുമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നല്ല അനുഭവമാണ്. പക്ഷേ അന്ന് ഇതെത്ര വീഴണമെന്ന് ഞാന്‍ ആലോചിച്ച് വിഷമിച്ചിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസകരമായി തോന്നുന്നു. അതില്‍ വേറെ ഒരു സീന്‍ ഉണ്ടായിരുന്നു. ഞാന്‍ ഓടി വന്നിട്ട് ചാടാന്‍ പോകുന്നത്. ഓടി വരുമ്പോള്‍ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് ഞാന്‍ വരുക.

ഓടി വന്നിട്ട് ചാടാന്‍ പോകുമ്പോള്‍ പേടിച്ച് നില്‍ക്കണം അതായിരുന്നു സീന്‍. എന്റെ മനസില്‍ ഞാന്‍ അവിടെ എത്തുമ്പോള്‍ നില്‍ക്കും എന്നായിരുന്നു. പക്ഷേ എന്റെ ഓട്ടം കാണുമ്പോള്‍ ഇവള്‍ ഇപ്പോള്‍ വീഴുമോ എന്നാണ് എല്ലാവരും വിചാരിക്കുക.

അവിടെ എത്തുമ്പോള്‍ നില്‍ക്കുമെന്ന് എനിക്കറിയാം. പക്ഷേ അവര്‍ വിചാരിക്കുന്നത് ഇവള്‍ ഇപ്പോള്‍ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നില്‍ക്കുന്നത്.

ഞാന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ എന്നെ വന്ന് പിടിച്ചു. എന്താണ്.. ശരിക്കും ചാടുമോ എന്ന് ചോദിച്ചു. ജോഷി സാര്‍ പേടിച്ച് കട്ട് വിളിച്ചു. എനിക്ക് അറിയാം ഞാന്‍ നില്‍ക്കുമെന്ന്. പക്ഷേ എല്ലാവരും വിചാരിക്കുന്നത് നേരെ തിരിച്ചാണ്. അത്ര ഫാസ്റ്റ് ആയിട്ടാണ് ഞാന്‍ ഓടി വരുന്നത്,” ഭാവന പറഞ്ഞു.

Content Highlight: Actress Bhavana shares her shooting experience in Naran movie