| Friday, 11th December 2020, 1:04 pm

'ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്ന ചിന്തയാണോ'; റെഫ്യൂസ് ദി അബ്യൂസ് ക്യാമ്പയിന് പിന്തുണയുമായി ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയുടെ റെഫ്യൂസ് ദി അബ്യൂസ് ക്യാമ്പയിന് പിന്തുണയുമായി സിനിമാ സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ക്യാമ്പയിനെ പിന്തുണച്ച് നടി ഭാവനയും രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതുവഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ലെന്നും  എന്ത് തന്നെയാണെങ്കിലും അത് ശരിയല്ലെന്നും ഭാവന പറഞ്ഞു.

ഭാവനയുടെ വാക്കുകള്‍..

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ ഒരു കമന്റ് എഴുതുക, സ്ത്രീകള്‍ക്ക് എതിരെയാണ് നമ്മള്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അബ്യൂസ് കൂടുതലും കണ്ടുവരുന്നത്. ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതുവഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ല.  എന്ത് തന്നെയാണെങ്കിലും അത് ശരിയല്ല. പരസ്പരം ദയവോടെ പെരുമാറുക റെഫ്യൂസ് ദി അബ്യൂസ് – ഭാവന പറഞ്ഞു.

നേരത്തെ നടിമാരായ മഞ്ജുവാര്യര്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ്, ഗായിക സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

ഫിസിക്കല്‍ അറ്റാക്ക് മുറിവുകള്‍ പോലെ തന്നെ കാണേണ്ടതാണ് സൈബര്‍ അബ്യൂസ് മുറിവുകളെന്നും സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയണമെന്നും പാര്‍വതി പറഞ്ഞിരുന്നു .

അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ എന്തും പറയുന്ന സ്ഥിതിയാണുള്ളതെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

‘ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്രമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്നൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള ഒരു അവകാശമായി ഇതിനെ കണക്കാക്കുന്നുണ്ട്. ഈ ഒരു ആക്രമണം കൂടുതലും നേരിടുന്നത് സ്ത്രീകളാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ് അവരെ വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മളെല്ലാവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Actress Bhavana Refude The Abuse Campaign

We use cookies to give you the best possible experience. Learn more