മലയാള സിനിമ എന്നും സ്ത്രീ കഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ട്; നായകനുവേണ്ടിയുള്ള നായികമാര്‍ ഇന്നില്ല: ഭാവന
Entertainment news
മലയാള സിനിമ എന്നും സ്ത്രീ കഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ട്; നായകനുവേണ്ടിയുള്ള നായികമാര്‍ ഇന്നില്ല: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th February 2023, 11:26 am

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്.

മലയാളത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നില്ലേ, ഈ മാറ്റങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഭാവന. മലയാള സിനിമ എക്കാലത്തും സ്ത്രീ കഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒട്ടേറെ സിനിമകളുണ്ടെന്നും ഭാവന പറഞ്ഞു.

പഞ്ചാഗ്നി അടക്കമുള്ള സിനിമകളെ മുന്‍നിര്‍ത്തിയാണ് മലയാള സിനിമയിലെ സ്ത്രീ പ്രാധാന്യത്തെ കുറിച്ച് താരം സംസാരിച്ചത്. പുതിയ കാലത്തെ സിനിമകളില്‍ ഈ മാറ്റമൊക്കെ പ്രകടമാണെന്നും നായകനുവേണ്ടിയുള്ള നായിക എന്ന അവസ്ഥ മാറിയെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

‘മലയാള സിനിമ എല്ലാക്കാലത്തും സ്ത്രീകഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ട്. ഒരുപാട് നല്ല സ്ത്രീകഥാപാത്രങ്ങളും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒട്ടേറെ സിനിമകളും നമുക്ക് ഉണ്ടായിട്ടുണ്ട്. പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ് അങ്ങനെ എത്രയോ നല്ല ഉദാഹരണങ്ങളുമുണ്ട്. അതിപ്പോള്‍ കൂടുതല്‍ പ്രകടമായി വരുന്നുണ്ട്.

അതില്‍ എനിക്ക് ഒരുപാട് സന്തോഷവുമുണ്ട്. പുതിയ സിനിമകളില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നുണ്ട്. ചെറിയ വേഷങ്ങള്‍ പോലും പ്രാധാന്യമുള്ളതാകുന്നു. നായകനുവേണ്ടിയുള്ള നായിക എന്ന അവസ്ഥ മാറി,’ ഭാവന പറഞ്ഞു.

content highlight: actress bhavana about women centric movies in malayalam