| Friday, 17th February 2023, 7:33 pm

അന്ന് ഞാന്‍ ഷൈനിനെ വിളിച്ചതോര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് ചിരി വരും: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002 ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം നമ്മളിലൂടെയാണ് നടി ഭാവന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കമല്‍ സാറിന്റെ ചിത്രത്തിലൂടെ ‘ പരിമളമായി’ ക്യാമറക്ക് മുമ്പിലെത്തിയപ്പോള്‍ എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ നമ്മള്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ നിമിഷങ്ങള്‍ പങ്കു വെക്കുകയാണ് താരമിപ്പോള്‍.

സിനിമയുടെ തുടക്കകാലത്ത് ആഷിഖ് അബുവിനെയും ഷൈന്‍ ടോം ചാക്കോയെയും താന്‍ ചേട്ടാ എന്നാണ് വിളിച്ചിരുന്നതെന്നും, എന്നാലിന്നത് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ ആദ്യത്തെ സിനിമയായിരുന്നു നമ്മള്‍. ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നു ആഷിഖ് അബുവും, സുഗീതേട്ടനും,ഷൈന്‍ ചേട്ടന്‍ ഇവരൊക്കെ. ഞാനാ സമയത്ത് അവരുമായിട്ടായിരുന്നു കൂടുതല്‍ കമ്പനി. അവരും തുടക്കക്കാരായിരുന്നു അതിന്റെ ഒരു സൗഹൃദവും ഉണ്ടായിരുന്നു.

ലൊക്കേഷന്‍ ഫോട്ടോ ഇട്ടപ്പോള്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. സൗബിനേട്ടനും എനിക്ക് മെസേജ് ചെയ്തിരുന്നു. ഞാന്‍ ഇടക്കിടക്ക് ലൊക്കേഷനില്‍ വരാറുണ്ടായിരുന്നു ഓര്‍മയുണ്ടോ നിനക്കത് എന്നായിരുന്നു സൗബിന്റെ മെസേജ്.

ക്രോണിക് ബാച്ചിലറില്‍ അസിസ്റ്റന്റ് ആയി സൗബിനേട്ടന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതെനിക്ക നല്ല ഓര്‍മയുണ്ട് .ഷോട്ട് റെഡിയാവുമ്പോ എന്നെ വന്ന് വിളിക്കുന്നതൊക്കെ ഇവരാണ്. അതൊക്കെ ഒരുപാട് ഓര്‍മകള്‍ നല്‍കുന്ന കാര്യമാണ്. അന്ന് ഞാന്‍ ഷൈനിനെ വിളിച്ചിരുന്നത് ചേട്ടാ എന്നാണ്, ഇപ്പോ അങ്ങനെ വിളിക്കുമ്പോ എനിക്ക് ചിരി വരും. അന്ന് പിന്നെ നമ്മള്‍ കുറച്ചൂടെ ചെറുതല്ലേ,’ ഭാവന പറഞ്ഞു.

Content Highlight: Actress Bhavana about Shine Tom Chacko

We use cookies to give you the best possible experience. Learn more