| Thursday, 15th December 2022, 1:39 pm

നല്ലതാണെങ്കില്‍ അഭിനയിക്കൂ, മലയാളത്തില്‍ നീ സിനിമ ചെയ്യുന്നത് കണ്ടാല്‍ മതി എന്നാണ് എന്നോട് പറഞ്ഞത്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രേക്ഷകരുടെ പ്രിയ നടി ഭാവന. പതിനഞ്ചാമത്തെ വയസില്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവന അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും അവതരിപ്പിക്കാന്‍ ഭാവനയ്ക്ക് സാധിച്ചിട്ടുണ്ട്. ഷറഫുദ്ദീന്‍ നായകനാകുന്ന ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.

മലയാളത്തിലേക്ക് താന്‍ തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച നിരവധി പേരുണ്ടെന്നും സിനിമയിലെ സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണയാണ് ഈ തിരിച്ചുവരവില്‍ തനിക്ക് ലഭിച്ചതെന്നും പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന.

തിരിച്ചുവരവില്‍ എന്തുകൊണ്ട് ഈ ചിത്രം തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ അതിന് തന്റെ കയ്യില്‍ വ്യക്തമായ ഒരു മറുപടി ഇല്ലെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാസങ്ങളോളം തനിക്കായി കാത്തിരുന്നെന്നുമാണ് ഭാവനയുടെ മറുപടി.

‘ മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് മനസുകൊണ്ട് ഉറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. മനസമാധാനം തന്നെയായിരുന്നു എനിക്ക് മുഖ്യം. മലയാളത്തിലേക്ക് വന്നാല്‍ എന്തുകൊണ്ടോ അത് നഷ്ടപ്പെടുമെന്ന് തോന്നി. മാറി നില്‍ക്കാന്‍ തീരുമാനിച്ച സമയത്തും നിരവധി ഓഫറുകള്‍ വന്നു. പ്രമുഖരായ നടന്‍മാരുടേയും സംവിധായകരുടേയും സിനിമകള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു.

എന്തിനാണ് നീ മാറിനില്‍ക്കുന്നതെന്ന് അന്ന് പലരും ചോദിച്ചു. ആ ചോദ്യത്തിന് നല്‍കാന്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ആ സമയത്ത് മലയാളത്തില്‍ നിന്ന് കഥകളൊന്നും കേട്ടിരുന്നില്ല. കഥ കേട്ടുകഴിഞ്ഞാല്‍, കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ നോ പറയാന്‍ പ്രയാസമാകും. കാരണം പതിനഞ്ചു വയസ് മുതല്‍ അത്രയേറെ ഇഷ്ടത്തോടെ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചുതുടങ്ങിയതാണ്.

തിരിച്ചുവരവിനായി എന്തുകൊണ്ട് ഈ സിനിമ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാലും എനിക്ക് വ്യക്തമായ ഉത്തരം നല്‍കാനില്ല. അവരെന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. മാസങ്ങളോളം എനിക്കായി കാത്തുനിന്നു.

കഥ കേട്ടുകഴിഞ്ഞ ശേഷവും അഭിനയിക്കാമെന്ന് ഉറപ്പിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ മുമ്പ് നോ പറഞ്ഞവരെയെല്ലാം അപ്പോള്‍ തന്നെ വിളിച്ച് തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞു. സിനിമയിലെ സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ‘നല്ലതാണെങ്കില്‍ അഭിനയിക്കൂ മലയാളത്തില്‍ നീ സിനിമ ചെയ്യുന്നത് കണ്ടാല്‍ മതി’ എന്നാണ് പലരും പറഞ്ഞത്,’ ഭാവന പറഞ്ഞു.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തില്‍ അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു.

Content Highlight: Actress Bhavana About her comeback on malayalam movie

We use cookies to give you the best possible experience. Learn more