വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ചവര്‍ക്കെതിരെ കൂടുതല്‍ രൂക്ഷ പ്രതികരണവുമായി നടി ഭാവന രംഗത്ത്. സൈബര്‍ ബുള്ളിയിങ് എന്നത് ജോലിയായി ഏറ്റെടുത്തവരുണ്ടെന്നും ഇവര്‍ക്ക് പണം നല്‍കിയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നതെന്നും ഭാവന പറഞ്ഞു.
സിനിമയിലുള്ളവര്‍ക്ക് ഇതേ കുറിച്ച് കൂടുതല്‍ അറിയാമെന്നും എന്നാല്‍ പലരും തുറന്നുസമ്മതിക്കാന്‍ തയ്യാറാവില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഭാവന ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയ സമയത്തെ വീഡിയോ നിരവധി പേര്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. നടി ടോപ്പിന് താഴെ ഒന്നും ധരിച്ചിട്ടില്ലെന്ന രീതിയില്‍ അശ്ലീല ക്യാപ്ഷനുകളോട് കൂടിയായിരുന്നു ഭാവനയുടെ ചിത്രങ്ങളും വീഡിയോയും പലയിടത്തും പ്രചരിപ്പിച്ചത്.
ഇതിനെതിരെ ഭാവന നേരത്തെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രതികരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ വെച്ചാണ് സൈബര്‍ ബുള്ളിയിങ്ങിനെതിരെ നടി ശക്തമായി പ്രതികരിച്ചത്.
‘സൈബര്‍ ബുള്ളിയിങ്ങിനെതിരെ ഇന്ന് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷെ മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മറവിലിരുന്ന് മറ്റുള്ളവെര കുറിച്ച് മോശമായി കമന്റിടുകയും സൈബര്‍ അറ്റാക്ക് ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. അത് ഏറെ മോശമായ ഒരു കാര്യമാണ്.
കേസ് കൊടുത്താല്‍ പോലും ഐ.ഡി ട്രാക്ക് ചെയ്ത് വരുമ്പോഴേക്കും അത് ഡിലീറ്റായി പോയിരിക്കും. ഒരു കാലത്തും സംശയം തോന്നാത്ത ഒറിജിനല്‍ ഐ.ഡി ഉള്ളവര്‍ വരെ ഫേക്ക് ഐ.ഡികളുണ്ടാക്കി മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ ഇറങ്ങാറുണ്ട്.
സൈബര്‍ ബുള്ളിയിങ് എന്ന് പറയുന്നത് ഒരു ജോലി പോലെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു കൂട്ടം ആളുകളെ ജോലിക്ക് വെച്ച് ചില വ്യക്തികളെയോ പ്രോജക്ടുകളെയോ സ്ഥാപനങ്ങളെയോ അറ്റാക്ക് ചെയ്യുന്ന രീതി ഇവിടെയുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഇതിന്റെ മുഴുവന്‍ വിവരവും എനിക്കറിയില്ല. സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കുമറിയാം. സിനിമയിലുള്ളവര്‍ ഇത് സമ്മതിക്കാനോ തുറന്നു സംസാരിക്കാനോ തയ്യാറാവില്ലായിരിക്കാം.
പക്ഷെ, എന്റെ അറിവില്‍ സൈബര്‍ ബുള്ളിയിങ്ങിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി നടക്കുന്നുണ്ട്. അതിന് അവര്‍ക്ക് പേയ്‌മെന്റും കിട്ടുന്നുണ്ട്,’ ഭാവന പറയുന്നു.
ഇവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി നേരത്തെ പ്രതികരിച്ചിരുന്നു. തന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് തള്ളിയിടാന്‍ നോക്കുന്ന പലരും അതിലൂടെയാണ് സന്തോഷം കണ്ടെത്തുന്നതെന്നാണ് ഭാവന പറഞ്ഞത്.
Content Highlight: Actress Bhavana against cyber bullying