| Thursday, 15th December 2022, 4:15 pm

ചിലര്‍ ചിലയാളുകളെ വാടകയ്‌ക്കെടുത്തും കൂലി കൊടുത്തും ചെയ്യിപ്പിക്കുകയാണ്; അന്ന് ഞാന്‍ പ്രതികരിച്ചു: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ആക്രമങ്ങളെ കുറിച്ചും വ്യക്തിഹത്യയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഭാവന. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ടെങ്കിലും മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ചിലര്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ഭാവന ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയപ്പോള്‍ താന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും പലതരം ഫ്രസ്‌ട്രേഷനുകളാണ് ഇത്തരക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ഭാവന പറഞ്ഞു.

‘എന്നെ ഒരു പരിചയവുമില്ലാത്ത ആളുകളാണ് എന്റെ ഫോട്ടോയ്ക്ക് താഴെ വന്ന് തെറിവിളിക്കുന്നത്. അവര്‍ക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ലല്ലോ. അതുകൊണ്ട് തന്നെ അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്ന് കരുതി. ചിലപ്പോഴൊക്കെ ചിന്ത മാറും. എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നും. അതൊരു അമര്‍ഷമാണ്.

ഞാനാരുടേയും വീട്ടില്‍ പോയി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത്. എന്റെ സ്വഭാവം, കുടുംബം ഒന്നുമറിയാത്തവരാണ് കമന്റുകളുമായി എത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ പ്രതികരിച്ചുകഴിഞ്ഞാല്‍ അവര്‍ക്കൊക്കെ അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കും.

ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാകും. എന്നിട്ടും കമന്റുകള്‍ പടച്ചുവിടുകയായിരുന്നു. കമന്റ് ബോക്‌സില്‍ വന്ന് ഒരുപാടു പേര്‍ ആ കുട്ടി ഉടുപ്പിട്ടിട്ടുണ്ടല്ലോ എന്ന് പറയുന്നുണ്ട്. അതു കാണാത്തതായി നടിച്ച് ചിലര്‍ പിന്നേയും മോശം കമന്റുകള്‍ എഴുതുന്നു.

പലതരം ഫ്രസ്‌ട്രേഷനുകളാണ് അവരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ആ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് വിശദീകരണം നല്‍കി പോസ്റ്റിട്ടതെന്ന് പിന്നീട് പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരോട് സംസാരിക്കാന്‍ നില്‍ക്കരുതെന്ന് അവര്‍ പറഞ്ഞു. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ, ഭാവന പറഞ്ഞു.

സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷണനാണെന്ന് ഇന്ന് തനിക്ക് അറിയാമെന്നും ചിലര്‍ ചിലയാളുകളെ വാടകയ്‌ക്കെടുത്തോ കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണെന്നും ഭാവന പറഞ്ഞു.

ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം എന്നെല്ലാം ചട്ടംകെട്ടി പണം നല്‍കിയ ആളുകളെ ഇറക്കിവിടുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തി ഇറങ്ങുന്ന സംഘങ്ങള്‍ വാങ്ങുന്ന കാശിനുള്ള ജോലി ചെയ്യുന്നു. ഈ ജോലിയില്‍ ഏര്‍പ്പെട്ട ഓരോരുത്തര്‍ക്കും പത്തിലധികം വ്യാജ അക്കൗണ്ടുകളെങ്കിലുമുണ്ടാകും,’ ഭാവന പറഞ്ഞു.

Content Highlight: Actress Bhavana about Cyber Bullying

We use cookies to give you the best possible experience. Learn more