| Friday, 16th September 2022, 1:28 pm

കമല്‍ സാര്‍ എന്റെ അടുത്ത് ചാന്‍സ് ചോദിച്ചു വന്ന പോലെയായിരുന്നു എന്റെ പെരുമാറ്റം; രസകരമായ അനുഭവം പങ്കുവെച്ച് ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മള്‍ എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം നിരവധി പുതിയ താരങ്ങളെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നു. നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു, നടി കെ.പി.എ.സി ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെയെല്ലാം ആദ്യ സിനിമ കൂടിയായിരുന്നു നമ്മള്‍.

നമ്മളില്‍ എത്തിയതിനെ കുറിച്ചും സംവിധായകന്‍ കമലിനെ പരിചയപ്പെട്ടപ്പോഴുണ്ടായ രസകരമായ ചില സംഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഭാവന. ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭാവന അന്നത്തെ ചില കഥകള്‍ പങ്കുവെച്ചത്.

കലവൂര്‍ രവി ചേട്ടനാണ് നമ്മള്‍ സിനിമയുടെ സ്‌ക്രിപ്റ്റ്. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയാണ്. അന്ന് തൃശൂര്‍ എ.സി.വിയില്‍ ഞാന്‍ ചെറിയൊരു പ്രോഗ്രാം ചെയ്തിരുന്നു. അത് രവിച്ചേട്ടന്‍ കണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കമല്‍ സാറിനെ കാണാന്‍ പോകുന്നത്. ഓള്‍റെഡി ഒരു ഹീറോയിന്‍ ഫിക്‌സ്ഡാണ്. ഇനി അവര്‍ക്ക് വേണ്ടത് ഒരു കറുത്തിട്ടുള്ള കുട്ടിയെ ആണ്.

എന്നെ കണ്ടപ്പോള്‍ തന്നെ കമല്‍ സാര്‍ ഏയ് വേണ്ട വേണ്ട ശരിയാവില്ല. നമ്മള്‍ കറുത്തിട്ടുള്ള ആളെയല്ലേ നോക്കുന്നത്. പിന്നെ വന്ന സ്ഥിതിയ്ക്ക് വിഷമിപ്പിക്കേണ്ട ഇരിക്കാന്‍ പറയൂ എന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും ഇരിക്കുകയാണ്. അപ്പോഴൊന്നും എനിക്ക് കമല്‍സാര്‍ ഇത്രയും വലിയ ഡയരക്ടര്‍ ആണെന്നൊന്നും അറിയില്ല.

ജിഷ്ണു ചേട്ടനൊക്കെ അവിടെ ഇരിക്കുന്നുണ്ട്. അവരൊക്കെ ഓള്‍റെഡി ഫിക്‌സ്ഡാണ്. അവര്‍ക്ക് കഥയൊക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ശരിയാവില്ല എന്ന് കമല്‍സാര്‍ പറഞ്ഞുകഴിഞ്ഞ കാര്യം ഞാന്‍ അറിയുന്നില്ല. ഞാന്‍ ആണെങ്കില്‍ ഇപ്പോള്‍ അഭിനയിക്കാന്‍ പോകുകയാണെന്ന ധാരണയിലാണ് ഇരിക്കുന്നത്.

വിഷമിപ്പിക്കേണ്ടല്ലോ കൊച്ചുകുട്ടിയല്ലേ എന്നൊക്കെ കരുതി കമല്‍സാര്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്ന് സംസാരിക്കുകയാണ്. എനിക്കാണെങ്കില്‍ അന്ന് ഡാന്‍സിന്റെ പ്രാക്ടീസ് ഉണ്ട്. കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍, കഴിഞ്ഞോ എന്നാല്‍ ഞാന്‍ പോട്ടെ, എനിക്ക് ഡാന്‍സ് പ്രാക്ടീസ് ഉണ്ട് എന്ന് പറഞ്ഞു. അതായത് കമല്‍ സാര്‍ എന്റെ അടുത്ത് ചാന്‍സ് ചോദിച്ച് വന്നപോലെയായിരുന്നു അവിടുത്തെ ഒരു സീന്‍ (ചിരി).

കമല്‍സാര്‍ ഇങ്ങനെ ചിരിക്കുകയാണ്. അന്ന് എനിക്ക് ഭയങ്കര തൃശൂര്‍ സ്ലാംഗ് ആണ്. ആ സമയത്ത് സര്‍ പറഞ്ഞു ഈ കുട്ടി സംസാരിക്കുന്നതൊക്കെ ആ ക്യാരക്ടറിന് കറക്ടാണ്. നമുക്ക് ഒരു കാര്യം ചെയ്യാം കറുത്ത മേക്കപ്പിട്ട് ചേഞ്ച് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം എന്ന് പറഞ്ഞിട്ടാണ് സെലക്ട് ചെയ്യുന്നത്.

അങ്ങനെ ഷൂട്ടിന് വന്നു. സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ അന്നൊക്കെ കരുതുന്നത് ഗ്ലാമറസായിട്ടുള്ള ഹീറോയിന്‍ സ്ലോമോഷനിലൊക്കെ വരുന്നു എന്നൊക്കെയുള്ള ധാരണയാണ്. ആദ്യത്തെ ദിവസം നമുക്ക് മേക്കപ്പില്‍ ഒരു ചേഞ്ചുണ്ടാവും എന്നൊക്കെ ഇവര്‍ പറയുന്നുണ്ട്. ഞാനാണെങ്കില്‍ ഭയങ്കര എക്‌സൈറ്റഡാണ്.

മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വിചാരിക്കുന്ന ഒരു സംഭവമേയല്ല അവിടെ നടക്കുന്നത്. ഫുള്‍ കറപ്പിച്ചോണ്ടിരിക്കുകയാണ്. മുഷിഞ്ഞ ഡ്രസാണ് കൊണ്ടുവന്ന് തരുന്നത്. ഞാന്‍ ആകെ വല്ലാതെയായി. ഇങ്ങനെയാണോ ഞാന്‍ അഭിനയിക്കേണ്ടത് എന്ന് തോന്നി. ഞാന്‍ അച്ഛന്റെ അടുത്ത് എനിക്ക് അഭിനയിക്കേണ്ട നമുക്ക് പോകാം, വീട്ടില്‍ പോകാമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ആ ശരി പോകാം പോകാം എന്ന് പറഞ്ഞ് അച്ഛന്‍ സമാധാനിപ്പിക്കുന്നുണ്ട്. അങ്ങനെ ഇവര്‍ ഭയങ്കര ഡിസ്‌കഷനാണ് എന്നെ നോക്കിയിട്ട്. സ്‌കിന്‍ ടോണ്‍ കുറച്ചുകൂടി ഒന്ന് കുറയ്ക്കണം എന്നൊക്കെയാണ് പറയുന്നത്. എനിക്ക് വലിയ സന്തോഷമൊന്നും ഇല്ലെന്ന് ഇവര്‍ക്ക് മനസിലായി. അതായത് വന്നപ്പോള്‍ ഉണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റൊന്നും എന്നില്‍ കാണാനില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ കമല്‍ സാര്‍ അടുത്തുവന്നു. കാക്കോത്തി കാവിലെ അപ്പൂപ്പന്‍താടി കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ആ കണ്ടിട്ടുണ്ട് എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞു. അതിലെ രേവതിയൊക്കെ ചെയ്ത ക്യാരക്ടര്‍ മോള്‍ കണ്ടിട്ടുണ്ടോ? അങ്ങനത്തെയൊരു ക്യാരക്ടറാണ് എനിക്ക് വേണ്ടത് എന്നൊക്കെ പറഞ്ഞു.

വലിയൊരു റഫറന്‍സ് ഒക്കെ കേട്ടപ്പോള്‍ എനിക്ക് ചെറുതായൊരു സന്തോഷമൊക്കെ തോന്നി. അങ്ങനെയാണ് ഞാന്‍ ജോയിന്‍ ചെയ്തത്. അതിന് ശേഷം പടം റിലീസായി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അപ്പോഴും എന്നെ ആരും തിരിച്ചറിയുന്നില്ല. ഞാന്‍ വിചാരിക്കുന്നത് സിനിമ റിലീസായി കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഇറങ്ങി നടക്കാന്‍ പറ്റൂല ആള്‍ക്കാര്‍ എല്ലാം വന്നിട്ട് പൊതിയുമെന്നൊക്കെയാണ്.

ആര്‍ക്കും മനസിലാവുന്നില്ല. തിയേറ്റര്‍ വിസിറ്റിനൊക്കെ പോയപ്പോള്‍ പടം കഴിഞ്ഞ് വരുന്നവരൊക്കെ ബാക്കിയെല്ലാവരേയും ഭയങ്കരമായി അഭിനന്ദിക്കുന്നു. ഞാന്‍ മാത്രം ഇങ്ങനെ നില്‍ക്കുകയാണ്. എനിക്ക് വിഷമമായി. അങ്ങനെ ഒരു സ്ഥലത്തുനിന്ന് ഒരാള്‍ ജിഷ്ണു ചേട്ടനോടും സിദ്ധാര്‍ത്ഥിനോടുമൊക്കെ നിങ്ങളുടെ കൂടെ പരിമളം ആയി അഭിനയിച്ച കുട്ടിയില്ലേ അവര്‍ നന്നായി ചെയ്തിട്ടുണ്ട്. അവരോട് പറയണേ എന്ന് പറഞ്ഞു. ഇത് കേട്ടതും അവിടെ നിന്ന ഞാന്‍ ‘അത് ഞാനാണ്, അത് ഞാനാണ്’ എന്ന് വിളിച്ചുപറയുകയായിരുന്നു (ചിരി), ഭാവന പറഞ്ഞു.

Content Highlight: Actress Bhavan share a Funny Experiance during meeting with kamal

We use cookies to give you the best possible experience. Learn more