അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറുമൊത്തുള്ള അനുഭവം പങ്കുവെച്ച് നടി ഭാവന. കന്നഡയില്‍ പുനീതിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ അരങ്ങേറ്റം.
പുനീതിന്റെ മരണം തനിക്ക് വലിയ ഷോക്കായിരുന്നെന്നും മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് പോലും അദ്ദേഹത്തിനൊപ്പം താനുണ്ടായിരുന്നെന്നും ഭാവന പറഞ്ഞു.
ഒപ്പം പുനീതിനൊപ്പം ഇറ്റലിയില്‍ ഒരു സിനിമയുടെ ഷൂട്ടിനായി പോയപ്പോഴുണ്ടായ അനുഭവവും ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ ഭാവന പറഞ്ഞു.
‘പുനീതിനൊപ്പം ഞാന്‍ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. പുനീതിനൊപ്പമാണെങ്കിലും ശിവണ്ണ(ശിവരാജ് കുമാര്‍, പുനീതിന്റെ സഹോദരന്‍)യ്‌ക്കൊപ്പമാണെങ്കിലും ഫാമിലിയായൊരു കണക്ഷന്‍ വരുന്നതുപോലെയാണ് അവിടെ. ഒരു ഫാമിലിയിലേക്ക് വരുന്നതുപോലെയാണ് അവര്‍ ട്രീറ്റ് ചെയ്യുക.
കന്നഡയിലെ എന്റെ ആദ്യ സിനിമയായ ജാക്കിയുടെ കഥ കേട്ടപ്പോള്‍ ഇഷ്ടമായി. പുനീതാണ് നായകന്‍. അദ്ദേഹം അവിടുത്തെ സൂപ്പര്‍സ്റ്റാറാണ്. എന്നിട്ടും അദ്ദേഹം എല്ലാ ദിവസവും രാവിലെ സെറ്റില്‍ വന്നാല്‍ നമ്മള്‍ കംഫര്‍ട്ടബിളാണോ ഓക്കെയാണോ എന്നൊക്ക നോക്കും.
ജാക്കിയുടെ ഷൂട്ടിന് വേണ്ടി ഞങ്ങള്‍ ഇറ്റലിയിലും നമീബിയയിലുമൊക്കെ പോയിരുന്നു. എന്റെ അമ്മ വെജിറ്റേറിയനാണ്. അതുകൊണ്ട് തന്നെ പുറത്തൊക്കെ പോയി കഴിഞ്ഞാല്‍ അമ്മയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടാണ്. പല സ്ഥലത്തും വെജിറ്റേറിയന്‍ എന്ന് പറഞ്ഞാല്‍ വരുന്നതില്‍ മുട്ടയൊക്കെ കാണും.
അമ്മയെ കുറിച്ചൊക്കെ പുനീതിന് അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹം രാവിലെ തന്നെ വന്നാല്‍ ആന്റിയുടെ ഫുഡ് എല്ലാം ഓക്കെയല്ലേ എന്നൊക്കെ അന്വേഷിക്കും. നമുക്ക് അവരില്‍ നിന്നൊക്കെ കുറേ പഠിക്കാനുണ്ട്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹമൊക്കെ. വളരെ സിംപിളാണ്.
പുനീതിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വന്ന ഒരു എക്‌സ്പീരിയന്‍സ് ഞാന്‍ പറയാം. ജാക്കി സിനിമയിലെ ഒരു പാട്ടിന്റെ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ നമീബിയയില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുവരികയാണ്. ജൊഹന്നാസ്ബര്‍ഗ് ടു ദുബായ്-ദുബായ് ടു ബാംഗ്ലൂര്‍ അങ്ങനെയാണ് കണക്ഷന്‍ ഫ്‌ളൈറ്റ്.
അങ്ങനെ നമ്മള്‍ ദുബായ് എയര്‍ പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ലൈനില്‍ നില്‍ക്കുകയാണ്. പുനീത് മുന്നില്‍ പോയി. അടുത്തത് ഞാനാണ്. ഞാന്‍ പെട്ടെന്ന് നോക്കുമ്പോള്‍ പുനീതും അവിടുത്തെ ഒരു ഓഫീസറുമായിട്ട് ഒരു തര്‍ക്കം. നോക്കുമ്പോള്‍ പുനീതിന്റെ കയ്യില്‍ കുറച്ച് ഡോളേഴ്‌സ് എന്തോ ഉണ്ട്. അത് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്‍ പറയുന്നത്.
പുനീതാണെങ്കില്‍ ഇത് തന്റെ പണമാണെന്നും കൊണ്ടുപോകുമെന്നുമുള്ള നിലപാടിലാണ്. അങ്ങനെ തര്‍ക്കം തുടരുകയാണ്. പുനീത് വളരെ നോര്‍മല്‍ ആയിട്ടാണ് നില്‍ക്കുന്നത്. പക്ഷേ ഉദ്യോഗസ്ഥന്‍ കുറച്ച് ചൂടിലാണ്.
അടുത്തത് ഞാനാണല്ലോ പോകേണ്ടത് എന്നോര്‍ത്ത് പേടിച്ച് നില്‍ക്കുകയാണ്. മറ്റേ ലൈനിലേക്ക് മാറണോ അതോ ഇവിടെ തന്നെ നിന്നാല്‍ മതിയോ എന്നൊക്കെയാണ് എന്റെ ആലോചന.
മെല്ലെ മാറാമെന്നൊക്കെ വിചാരിച്ച് എനിക്ക് പുള്ളിയെ(പുനീത്) അറിയുകയേ ഇല്ല എന്ന ഭാവത്തിലൊക്കെ ഞാന്‍ നില്‍ക്കുകയാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഇതിനിടയ്ക്ക് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.
നോക്കുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പുനീതിനോട് നിങ്ങള്‍ ഈ ഫ്‌ളൈറ്റില്‍ കയറില്ലെന്ന് തീര്‍ത്തുപറയുകയാണ്. അപ്പോള്‍ പുനീതിന്റെ ഒരു കൗണ്ടര്‍ കേട്ട് ഞാന്‍ ഞെട്ടി.
ഓക്കെ ഞാന്‍ കയറുന്നില്ല, പക്ഷേ ഈ ഫ്‌ളൈറ്റ് ഇന്ത്യയില്‍ ലാന്റ് ചെയ്യില്ല എന്നായിരുന്നു പുനീതിന്റെ മറുപടി. വളരെ സിംപിളായിട്ടാണ് അദ്ദേഹം ഇത് പറയുന്നത്. ഇത് കേട്ട് ഞാനിങ്ങനെ അന്തംവിട്ട് നില്‍ക്കുകയാണ്. എന്നിട്ട് മെല്ലെ ആ ലൈനിലേക്ക് തന്നെ വന്നു. ഞാന്‍ ഇങ്ങേരുടെ കൂടെ ഉള്ള ആളാണെന്ന പോലെ (ചിരി).
പുനീത് ഇത് പറഞ്ഞപ്പോഴേക്ക് അയാള്‍ക്ക് പിന്നേയും പ്രശ്‌നമായി. അങ്ങനെ വേറെ ഓഫീസേഴ്‌സൊക്കെ വന്നു. പ്രശ്‌നമൊക്കെ സോള്‍വാക്കി. ഡോളറുമൊക്കെ കൊണ്ട് നമ്മള്‍ വന്നു.
പുനീത് മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ നമ്മള്‍ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. പുനീതിന്റെ സഹോദരന്‍ ശിവണ്ണയുടെ കൂടെ ഞാന്‍ അഭിനയിച്ച പടത്തന്റെ ലോഞ്ച് ആയിരുന്നു അന്ന്. എല്ലാവരും ഒരുമിച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ജിമ്മിലായിരുന്നു വര്‍ക്ക് ഔട്ട് ചെയ്തിരുന്നത്. അപ്പോഴൊക്കെ പറയുമായിരുന്നു നവീനേയും കൂട്ടി വീട്ടിലേക്ക് വരണമെന്ന്.
തലേദിവസം കണ്ടപ്പോഴും, വരാമെന്ന് പറയുകയല്ലാതെ നിങ്ങള്‍ എന്താണ് വരാത്തതെന്ന് എന്നൊക്കെ ചോദിക്കുകയും വരുമെന്ന് ഞങ്ങള്‍ ഉറപ്പുപറയുകയുമൊക്കെ ചെയ്തതാണ്.
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത എനിക്ക് ഭയങ്കര ഷോക്ക് ആയിരുന്നു. ചിലര്‍ മരിച്ചുവെന്നൊക്കെ പറഞ്ഞ് കുറേ ഫേക്ക് ന്യൂസ് എല്ലാം വരുമല്ലോ. അത്തരത്തില്‍ ഇത് ഒരു ഫേക്ക് ന്യൂസ് മാത്രമാണ് ഇതെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാവാന്‍ പ്രാര്‍ത്ഥിച്ചിരുന്നു, ഭാവന പറയുന്നു.
Content Highlight: Actress Bhavan Remember puneeth Rajkumar and share an experiance