| Friday, 14th January 2022, 10:42 am

എന്റെ പേരില്‍ പ്രചരിക്കുന്നത് കെട്ടുകഥകള്‍; ഞങ്ങള്‍ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഇരിക്കുന്നു: ഭാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ലെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ വാര്‍ത്ത പുറത്തുവന്നത്.

കേസില്‍ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യാശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക സ്രോതസ് പൊലീസ് അന്വേഷിക്കും.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹരജി കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more