കൊച്ചി: കൊവിഡ് ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന സിനിമാ സീരിയല്‍ താരം ബീന ആന്റണി രോഗമുക്തയായി തിരിച്ചെത്തിയിരിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഇത് രണ്ടാം ജന്മമാണെന്നും തുറന്നു പറയുകയാണ് ബീന ഇപ്പോള്‍. തെസ്ബീന്‍സ് വ്‌ളോഗിലൂടെയായിരുന്നു ബീനയുടെ തുറന്നുപറച്ചില്‍.
‘എല്ലാവരോടും ഒരുപാട് നന്ദി. വല്ലാത്തൊരു അവസ്ഥയില്‍കൂടിയാണ് ഞാന്‍ കടന്നുപോയത്. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇതുവരെ എല്ലാവരും പറഞ്ഞുകേട്ട അറിവല്ലേ ഉണ്ടായിരുന്നുള്ളു. ഇങ്ങനൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. പുതിയൊരു പരിപാടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവാകുന്നത്. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാനാണ് തീരുമാനിച്ചത്’, ബീന പറഞ്ഞു.
ആറേഴ് ദിവസം വീട്ടില്‍ തന്നെയിരുന്നു. എന്നാല്‍ പനി വിട്ടുമാറിയിരുന്നില്ല. പനി മാറിയില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതാണ്. എന്നാല്‍ ഞാന്‍ പോയില്ല. അത് ഏറ്റവും വലിയ തെറ്റായി പോയി. പിന്നീട് ശ്വാസം കിട്ടാത്ത അവസ്ഥയിലായപ്പോഴാണ് ഇ.എം.സി ആശുപത്രിയില്‍ പ്രവേശിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും നല്ലപോലെ പരിചരിച്ചിരുന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല, ബീന പറയുന്നു.
ആശുപത്രിയിലെത്തിയ ആദ്യ ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടുവെന്നും ശ്വാസം കിട്ടാത്ത അവസ്ഥയിലായിപ്പോയെന്നും ബീന പറഞ്ഞു.
ഇതിനിടെ ന്യുമോണിയ ബാധിച്ചെന്നും ഓക്‌സിജന്‍ മാസ്‌ക് ഇട്ടാണ് മുന്നോട്ടുപോയതെന്നും ബീന പറയുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശുപത്രിയില്‍ മികച്ച രീതിയില്‍ തന്നെ നോക്കിയ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ക്കും നന്ദി പറയുന്നുവെന്നും ബീന വീഡിയോയില്‍ പറയുന്നു.
ബീന കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ബീന ചികിത്സയില്‍ തുടരുന്ന ഘട്ടങ്ങളില്‍ നടന്‍മാരായ മോഹല്‍ലാലും മമ്മൂട്ടിയും തങ്ങളെ ഓര്‍ത്തുവെന്നും മനോജ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actress Beena Antony opens About Covid Experience