| Sunday, 19th February 2023, 11:43 pm

അത് പുരുഷ മേധാവിത്വം കൊണ്ടൊന്നുമല്ല, ആണായാലും പെണ്ണായാലും എല്ലാ ഇന്‍ഡസ്ട്രിയിയിലും അങ്ങനെതന്നെയാണ്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ താരങ്ങള്‍ക്കിടയിലെ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന. ശമ്പളം പറയുന്നത് അവരുടെ മാര്‍ക്കറ്റ് വാല്യു വെച്ചാണ് എന്നും സിനിമ വിജയിക്കുമോ ഹിറ്റാകുമോ എന്ന് നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നതെന്നും ഭാവന പറഞ്ഞു.

മലയാള സിനിമയില്‍ മാത്രമല്ല, മറ്റ് എല്ലാ ഇന്‍ഡസ്ട്രിയിലും നായകന്മാരെ കേന്ദ്രീകരിച്ചാണ് സിനിമ ചെയ്തിരുന്നതെന്നും മാര്‍ക്കറ്റ് വാല്യൂ ഉണ്ടെങ്കില്‍ പ്രതിഫലം കൂട്ടി ചോദിക്കാമെന്നും ഭാവന പറഞ്ഞു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് ഭാവന സംസാരിച്ചത്.

”ഒരു താരം ശമ്പളം പറയുന്നത് അവരുടെ മാര്‍ക്കറ്റ് വാല്യു വെച്ചാണ്. അവരുടെ പോസ്റ്ററില്‍ ഒരു ഫോട്ടോ ഉണ്ടോ, ആളുകള്‍ തിയേറ്ററില്‍ വരുമോ, അവരെ വെച്ച് പടം ചെയ്താല്‍ വിതരണം നടക്കുമോ, കാണികള്‍ എത്ര റീച്ചാകും എന്നിങ്ങനെയുള്ള മാര്‍ക്കറ്റ് വാല്യു വെച്ചാണ് എല്ലാവരുടേയും പ്രതിഫലം തീരുമാനിക്കപ്പെടുന്നത്.

അവര്‍ ചെയ്ത് കഴിഞ്ഞ മറ്റ് സിനിമകള്‍ എങ്ങനെ ഉണ്ടായിരുന്നു എന്നതും നോക്കും. നമ്മുടെ ഇന്‍ഡസ്ട്രി മാത്രമല്ല പൊതുവെ എല്ലാ മേഖലയിലും നായകന്മാരെ കേന്ദ്രീകരിച്ചാണ് സിനിമ എന്ന സത്യാവസ്ഥ നമ്മള്‍ മനസിലാക്കിയേപറ്റു. പക്ഷെ ഒരുപാട് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ നായിക ആണെങ്കിലും നായകനാണെങ്കിലും അവരുടെ സിനിമ ഹിറ്റാണെങ്കില്‍, അവര്‍ക്ക് മാര്‍ക്കറ്റ് വാല്യു ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അവരുടെ സാലറി ആവശ്യപ്പെടാം. അത് പുരുഷ മേധാവിത്വം കൊണ്ടൊന്നുമല്ല, ആണായാലും പെണ്ണായാലും അങ്ങനെതന്നെയാണ്. ഒരു ആര്‍ട്ടിസ്റ്റിനെ വെച്ച് പടം ചെയ്യുന്നുണ്ടെങ്കില്‍ പടം വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം ചോദിക്കാം,” ഭാവന പറഞ്ഞു.

ഫെബ്രുവരി 24നാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് റിലീസ് ചെയ്യുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress bavana about remuneration

We use cookies to give you the best possible experience. Learn more