നമ്മളെ പോലുള്ളവരുടെ ഇടയില്‍ നിന്നും ഒരാള്‍ സിനിമയില്‍ വന്നില്ലേയെന്ന് അവര്‍ ചോദിച്ചു, അത് കേട്ട് ഞാന്‍ പിന്നെയും കരയും: ഭാവന
Entertainment news
നമ്മളെ പോലുള്ളവരുടെ ഇടയില്‍ നിന്നും ഒരാള്‍ സിനിമയില്‍ വന്നില്ലേയെന്ന് അവര്‍ ചോദിച്ചു, അത് കേട്ട് ഞാന്‍ പിന്നെയും കരയും: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th February 2023, 9:24 pm

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ സിനിമയിലൂടെയാണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനായി തന്നെ മേക്കോവര്‍ ചെയ്തതിനെക്കുറിച്ച് പറയുകയാണ് ഭാവന.

മേക്കപ്പ് ചെയ്യുമ്പോള്‍ തന്റെ മുന്നില്‍ അന്ന് കണ്ണാടി വെച്ചില്ലായിരുന്നുവെന്നും കറുപ്പ് കളറുള്ള പെണ്‍കുട്ടിയാക്കാനായുള്ള മേക്കപ്പാണ് ഇടുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അത് കണ്ടിട്ട് തന്റെ അച്ഛന്‍ കുറേ ചിരിക്കുന്നുണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു.

തനിക്ക് ഇടാനുള്ള ഡ്രസ് കണ്ടപ്പോള്‍ വിഷമം ആയെന്നും കണ്ണാടിയില്‍ നോക്കിയപ്പോള്‍ താനാകെ വല്ലാതെ ആയി കരയാന്‍ തുടങ്ങിയെന്നും ഭാവന പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഫാമിലി ഫ്രണ്ടായിട്ടുള്ള ബാലന്‍മുരളി ചേട്ടനാണ് നമ്മളിന്റെ കഥയെഴുതിയത്. അവരാണ് എന്റെ അച്ഛനെ വിളിച്ച് മോളെ കാണണം എന്നൊക്കെ പറഞ്ഞത്. അവര്‍ എന്നെ വെറുതെ വിളിച്ചതാണ്. വിളിച്ചു വരുത്തിയ സ്ഥിതിക്ക് കണ്ടിട്ട് പോയിക്കോട്ടെയെന്നാണ് അവര്‍ വിചാരിച്ചത്. കാരണം ഹീറോയിനെ ആദ്യമെ ഫിക്‌സ് ചെയ്ത് കഴിഞ്ഞിരുന്നു.

ഞാന്‍ അവിടെ ചെന്നപ്പോള്‍ കമല്‍സാറിനൊപ്പം സിദ്ധുചേട്ടനും ജിഷ്ണു ചേട്ടനും ഉണ്ടായിരുന്നു. അവര്‍ക്ക് കഥ പറഞ്ഞ് കൊടുക്കുകയായിരുന്നു. അന്ന് എന്റെ സംസാര രീതിയൊക്കെ കമല്‍ സാറിന് ഇഷ്ടപെട്ടു. എത്രയാണ് ഹൈറ്റ് എന്നൊക്കെ ചോദിച്ചു. പിന്നെയാണ് ഫാമിലി ഫ്രണ്ടിനെ വിളിച്ച് പരിമളം എന്നെ കൊണ്ട് ചെയ്യിച്ചൂടെയെന്ന് ചോദിച്ചത്.

എന്നെ വിളിക്കുന്നത് പിന്നെ ഷൂട്ടിങ്ങിനാണ്. അവിടെ ചെന്നപ്പോള്‍ എന്റെ മുമ്പില്‍ കണ്ണാടിയില്ല. നോക്കുമ്പോള്‍ അവര്‍ കുറേ നേരം മേക്കപ്പ് ചെയ്യുന്നു. ഞാന്‍ ചുമ്മാ അവര്‍ക്ക് മുന്നില്‍ നിന്നു കൊടുത്തു. എന്റെ അച്ഛന്റെ മുഖത്തെ ഭാവം മാറുന്നത് ഞാന്‍ കാണുന്നുണ്ട്. മാറി മാറി അച്ഛന്‍ പിന്നെ ചിരിക്കാന്‍ തുടങ്ങി. എന്താ ചിരിക്കുന്നത് എന്നൊക്കെ ഞാന്‍ ചോദിച്ചു. നല്ലതാണെങ്കില്‍ ചിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. മേക്കപ്പിനെക്കുറിച്ച് നമ്മള്‍ക്ക് ഒന്നും അറിയാത്ത പ്രായമാണ്.

മേക്കപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ ഡ്രസ് കൊണ്ട് വന്നു. വളരെ മോശമായ വസ്ത്രമായിരുന്നു. പിന്നെ ഞാന്‍ കണ്ണാടിയിലൊക്കെ നോക്കിയപ്പോള്‍ എനിക്ക് ആകെ പ്രശ്‌നമായി. ഞാന്‍ ഇരുന്ന് കരച്ചിലായി. ഇനി എങ്ങനെ സ്‌കൂളില്‍ പോകുമെന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്. എന്നെ നോക്കി കമല്‍സാര്‍ ഒക്കെ എന്തൊക്കെയോ സംസാരിച്ചു. എന്നെ അവര്‍ക്ക് ഇഷ്ടമാവരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷെ കൊള്ളാമെന്ന് അവര്‍ പറഞ്ഞു.

കൂടുതല്‍ കറുപ്പ് നിറമാക്കാനും മേക്കപ്പ് ചെയ്യുന്നവരോട് അദ്ദേഹം പറഞ്ഞു. എന്റെ സിനിമാ സങ്കല്‍പങ്ങളെല്ലാം അവസാനിച്ചുവെന്ന് ഞാന്‍ വിചാരിച്ചു. പിന്നെ ഒരു ചേരി പോലെ തന്നെ അവര്‍ സെറ്റൊക്കെ ഇട്ടിരുന്നു. പിറ്റേ ദിവസം തന്നെ എന്റെ ഷോട്ട് എടുത്തു.

ചേരി പോലെ സെറ്റിട്ട സ്ഥലത്തേക്ക് അവിടത്തെ ചില ചേച്ചിമാരൊക്കെ വരാറുണ്ട്. അവര്‍ എന്റെ അടുത്ത് വന്നിട്ട് നമ്മളെ പോലുള്ളവരുടെ ഇടയില്‍ നിന്നും ഒരാള്‍ സിനിമയില്‍ വന്നില്ലേയെന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ പിന്നെയും കരയും. കാരണം അന്നത്തെ പ്രായത്തില്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം ആവുമായിരുന്നു. മൂവി റിലീസ് ചെയ്തപ്പോള്‍ അതിലും കോമഡി ആയിരുന്നു. എന്നെ കണ്ടിട്ട് ആര്‍ക്കും മനസിലാവുന്നില്ലായിരുന്നു,” ഭാവന പറഞ്ഞു.

content highlight: actress bavana about parimalam make up