|

സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ഇത്ര ടെന്‍ഷനുണ്ടായിട്ടില്ല; രണ്ട് രീതിയിലാണ് എന്റെ മൈന്‍ഡ് പോയി കൊണ്ടിരിക്കുന്നത്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയൊരു ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഭാവനക്കൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. തിരിച്ച് വരവിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് ഭാവന.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ പോലും ടെന്‍ഷനുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഭാവന തിരിച്ചു വരുന്നു എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ തനിക്ക് ടെന്‍ഷനുണ്ടെന്നും താരം പറഞ്ഞു.

സിനിമയിലേക്ക് തിരിച്ച് വരുകയെന്ന തന്റെ തീരുമാനം ശരിയാണോയെന്ന് ഇടക്ക് തോന്നാറുണ്ടെന്നും രണ്ട് രീതിയിലാണ് മൈന്‍ഡ് പോയി കൊണ്ടിരിക്കുന്നതെന്നും ഭാവന പറഞ്ഞു. ചിത്രത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സത്യം പറഞ്ഞാല്‍ ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ എനിക്ക് ഇത്ര ടെന്‍ഷനുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഭാവന തിരിച്ച് വരുന്നു, ഭാവന തിരിച്ചു വരുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളും പോസ്റ്റുകളും കണ്ട് കണ്ട് എനിക്ക് തന്നെ ഉള്ളില്‍ അത് കിടക്കുന്നുണ്ട്.

തിരിച്ച് വന്ന് ഞാന്‍ ഇവിടെ എന്തോ കലക്ക് കലക്കും എന്ന സംഭവത്തില്‍ ഒന്നുമല്ല. ഇതൊരു കൊച്ച് സിനിമയായിട്ട് കാണുക. ഭാവന തിരിച്ച് വന്നു എന്ന രീതിയില്‍ ഈ സിനിമ കാണാന്‍ പോകുന്നത് കാണുമ്പോള്‍ എനിക്ക് ടെന്‍ഷനാവും.

ചില സമയത്ത് ഞാന്‍ ശരിയായ തീരുമാനമാണോ എടുത്തത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. ചില സമയത്ത് തോന്നും വേണ്ട സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന്. എന്നാല്‍ ഇടക്ക് തോന്നും മാറി നില്‍ക്കേണ്ട ആവശ്യമൊന്നുമില്ലെന്ന്. രണ്ട് രീതിയിലാണ് എന്റെ മൈന്‍ഡ് പോയി കൊണ്ടിരിക്കുന്നത്.

ഇതിന് മുമ്പ് എന്റെ അടുത്തേക്ക് വന്ന ഒരുപാട് നല്ല മൂവീസ് ഞാന്‍ വേണ്ടയെന്ന് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്,” ഭാവന പറഞ്ഞു.

ഫെബ്രുവരി 24നാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് റിലീസ് ചെയ്യുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress bavana about movie