ഭാവന, സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. പെട്ടെന്നായിരുന്നു ജിഷ്ണുവിന്റെ വേര്‍പാട്.നമ്മളിന്റെ ലൊക്കേഷനില്‍ വെച്ച് ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന.
നമ്മള്‍ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിരുന്ന വ്യക്തിയാണ് ജിഷ്ണുവെന്നും താന്‍ നന്നായി അഭിനയിക്കുന്നുണ്ടെന്നൊക്കെ സംവിധായകന്‍ കമല്‍ പറയുന്നത് തന്റെ അടുത്ത് വന്ന് ജിഷ്ണു പറയാറുണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു.
സെറ്റില്‍ വെച്ച് തന്റെ കാര്‍ത്തിക എന്ന പേര് മാറ്റി ഭാവനയാക്കിയതിനെക്കുറിച്ചും ഭാവന പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ജിഷ്ണു ചേട്ടനെ ഞാന്‍ ഫസ്റ്റ് കണ്ടത് എനിക്ക് ഓര്‍മയുണ്ട്. കമല്‍ സാര്‍ ആദ്യമെ തന്നെ ഹീറോയിനെ ഫിക്‌സ് ചെയ്ത് കഴിഞ്ഞിരുന്നു. രാവിലെ അവരെ മീറ്റ് ചെയ്ത് ഹീറോയിന്‍ അതാണെന്നൊക്കെ ഉറപ്പിച്ചിരുന്നു.
അവര്‍ പിന്നെ നോക്കിയിരുന്നത് കറുത്ത നിറമുള്ള പരിമളം എന്ന പേരുള്ള ഒരു കുട്ടിയെയാണ്. കറുത്തിട്ടുള്ള ഒരു കുട്ടിയെ നോക്കി നടക്കുമ്പോഴാണ് ഞാന്‍ വരുന്നത്. പിന്നെ എന്റെ അഭിനയം ഒക്കെ കണ്ട് അവര്‍ക്ക് ഇഷ്ടമായി.
ജിഷ്ണു ചേട്ടനൊക്കെ എന്റെ അടുത്ത് വന്ന് ഷൂട്ടിനിടയില്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. നീ ഭയങ്കര അഭിനയമാണല്ലോ. കമല്‍സാര്‍ നല്ല അഭിപ്രായമാണ് പറയുന്നത് എന്നൊക്കെ പറയും. അവരെല്ലാവരും നില്‍ക്കുമ്പോഴാണ് എന്റെ പേര് മാറ്റുന്നത്. കാര്‍ത്തിക എന്ന പേര് മാറ്റണം. കുറേ കാര്‍ത്തികയുള്ളത് കൊണ്ട് കണ്‍ഫ്യൂഷനാണെന്നൊക്കെ അവര്‍ തന്നെയാണ് പറഞ്ഞത്.
മോള്‍ക്ക് ഇഷ്ടമുള്ള പേര് പറയൂ എന്ന് പറഞ്ഞിട്ട് ഞാന്‍ തന്നെ കൊണ്ട് പോയി കൊടുത്ത പേരില്‍ നിന്നാണ് ഭാവന എന്ന പേര് സെലക്ട് ചെയ്തത്. പേര് എല്ലാവരോടും പറയുകയും നാളെ മുതല്‍ എന്നെ ഭാവന എന്ന് മാത്രമെ വിളിക്കാന്‍ പാടുള്ളൂയെന്നും ഞാന്‍ പറഞ്ഞു.
അത് കഴിഞ്ഞ് ഞാന്‍ പോകാന്‍ നിന്നപ്പോള്‍ ജിഷ്ണു ചേട്ടന്‍ ഭാവന എന്ന് വിളിച്ചു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ സമ്മതിച്ചെടി നിന്നെയെന്ന് എന്നോട് പറഞ്ഞു. ഒരു മിനിറ്റ് ആയല്ലെയുള്ളൂ നിന്റെ പേര് മാറ്റിയിട്ട് അപ്പോഴേക്കും ഉറപ്പിച്ചോയെന്നൊക്കെ ചോദിച്ചു. പിന്നെ ഞങ്ങള്‍ ‘പറായാം’ എന്നൊരു സിനിമ ചെയ്തു.
നല്ല ഫണ്‍ ആയിട്ടുള്ള ക്യാരക്ടറാണ്. പക്ഷെ കുറച്ച് എക്‌സ്‌ട്രോവേട്ടാണ്. ഞാന്‍ ഫുള്‍ സംസാരിച്ചിരിക്കും. ജിഷ്ണു ചേട്ടന്‍ കേട്ടിരിക്കാറാണ് പതിവ്. പെട്ടെന്ന് ഉള്ള മരണ വാര്‍ത്ത ഭയങ്കര വിഷമം ആയിരുന്നു. ഇപ്പോഴും സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത ഒരു വിഷമം തോന്നും,” ഭാവന പറഞ്ഞു.