ദേശീയ പുരസ്‌കാരം കിട്ടിയതിന് ശേഷവും തടിയുടെ പേരും പറഞ്ഞ് തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ബോഡി ഷെയ്മിങ് കമന്റുകളേക്കാള്‍ തന്നെ വിഷമിപ്പിക്കുന്നത് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണെന്നും താരം പറഞ്ഞു. താന്‍ സിനിമയില്‍ ശരിയാകില്ല എന്ന് പറഞ്ഞവര്‍ വരെയുണ്ടെന്നും അപര്‍ണ പറഞ്ഞു.
താന്‍ ഇതുവരെ ചെയ്ത സിനിമയിലെ പിന്നണി പ്രവര്‍ത്തകരും മറ്റും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഒരു തരത്തിലുള്ള ജഡ്ജ്‌മെന്റുമില്ലാതെയാണ് അവര്‍ തന്നെ പരിഗണിച്ചതെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.
‘ഞാനെന്റെ അമ്മയോട് എപ്പോഴും പറയുന്ന ഒരു വിഷമമാണ്, തടിയുടെ കാര്യത്തില്‍ എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇങ്ങനെയൊക്കെ പറയുന്നു അമ്മേ ഞാനെന്ത് ചെയ്യാനാണെന്ന് എപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. തടിയുടെ പേരില്‍ ഉള്ള കമന്റുകളെക്കുറിച്ചല്ല എനിക്ക് വിഷമം തടിയുടെ പേരില്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ്.
തടി ഉള്ളതുകൊണ്ട് മാത്രം സിനിമയില്‍ സെലക്ട് ചെയ്യാതിരിക്കുക. അല്ലെങ്കില്‍ തടിയുണ്ട്, അതുകൊണ്ട് സിനിമയില്‍ നമുക്ക് ശരിയാവില്ല എന്ന് എന്നോട് ഒരുപാടുപേര് പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മക്ക് ടെന്‍ഷനായിപ്പോയി. അമ്മ പറയും നീ ഇതൊന്നും ആലോചിച്ച് വിഷമിക്കേണ്ട. നിനക്ക് വല്ല ഡിപ്രഷനുമാകുമെന്ന്. അതിന്റെ പേരില്‍ ഞാന്‍ കുറേ വിഷമിച്ചിട്ടുണ്ട്.
ഞാന്‍ അതിഭീകര താരമൊന്നുമല്ല. പക്ഷേ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ റെഡിയാണ്. പക്ഷേ ആരും അത് മനസിലാക്കിയില്ല. ഒരു സിനിമക്ക് എന്താണോ വേണ്ടത് അതിന് വേണ്ടി വര്‍ക്ക് ചെയ്ത് പാകപ്പെടാന്‍ ഞാന്‍ തയ്യാറാണ്. ക്യാരക്ടറിന് വേണ്ടി തടി കുറക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഈ ഫാക്ടര്‍ വെച്ചുകൊണ്ട് ഞാന്‍ വേണ്ട എന്ന് പറയുന്നത് മനസിലായിരുന്നില്ല. ആദ്യം തന്നെ തടിയാണെന്ന് കരുതി വേണ്ട എന്ന് വെക്കും. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു. കാരണം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
ഇതുവരെ ഞാന്‍ ചെയ്ത സിനിമകളുടെ മുഴുവന്‍ ഗ്രൂപ്പും എന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തവരാണ്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരു ജഡ്ജ്മെന്റുമില്ലാതെയാണ് അവര്‍ എന്നെ പരിഗണിച്ചത്.നമ്മുടെ തടിയെയും നമ്മുടെ ഹെല്‍ത്തിനെക്കുറിച്ചും ശ്രദ്ധയുള്ളത് കൊണ്ട് പറയുന്ന ആളുകളെ മനസിലാകും. അതല്ലാതെ വെറുതെ നമ്മുടെ ഫിസിക്കല്‍ അപ്പിയറന്‍സിനെക്കുറിച്ച് സംസാരിക്കുന്നവരെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാന്‍ പറ്റും.
തടി കുറച്ച് ഫിറ്റാകേണ്ട കഥാപാത്രമാണെന്ന് പറഞ്ഞാല്‍ എനിക്ക് മനസിലാകും. അതിന് അനുസരിച്ച് ഞാന്‍ മാറും. എന്നാല്‍ റിയല്‍ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ഇടത്ത് തടിച്ചിട്ടാണ് ഇരിക്കുന്നത് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഭയങ്കര വിഷമമാണ്. അതില്‍ ഒരു സെന്‍സ് എനിക്ക് തോന്നാറില്ല,’ അപര്‍ണ പറഞ്ഞു.
content highlight: actress balamural about body shaming